കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി മടങ്ങാൻ പ്രത്യേക സൗകര്യമൊരുക്കി ബഹ്‌റൈൻ ഇന്ത്യൻ എംബസി

0
10

മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ യാത്ര തടസപ്പെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അടിയന്തര നടപടികൾ ആരംഭിച്ചു. സഊദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ഇതിനായി പ്രത്യേക പ്രവർത്തനരീതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ടൂറിസ്റ്റ് വിസയിലും മറ്റും ഹ്രസ്വകാല സന്ദർശനത്തിനെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവർക്കാണ് മുൻഗണന നൽകുന്നത്.

ബഹ്‌റൈനിൽ നിന്ന് റോഡ് മാർഗം സഊദി അറേബ്യയിലെത്തി അവിടെയുള്ള വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് പോകാനാണ് അനുമതി നൽകുന്നത്. ഇതിനായി സഊദി അധികൃതരിൽ നിന്ന് പ്രത്യേക ട്രാൻസിറ്റ് അനുമതി എംബസി വാങ്ങിനൽകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അപേക്ഷിക്കേണ്ട വിധം

  • സഹായം ആവശ്യമുള്ളവർ wel2.bahrain@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ വിശദാംശങ്ങൾ അയക്കണം.
  • അപേക്ഷകന്‍റെ പേര്, പാസ്‌പോർട്ട് നമ്പർ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, പാസ്‌പോർട്ട് പേജുകളുടെ പകർപ്പ്, വിസ വിവരങ്ങൾ, കൈയിലുള്ള വിമാന ടിക്കറ്റ് എന്നിവ ഇമെയിലിൽ ഉൾപ്പെടുത്തണം.

ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ വിവരങ്ങൾ റിയാദിലെ എംബസിക്ക് കൈമാറുകയും, അവർ സഊദി അധികൃതരിൽ നിന്ന് ഓരോ യാത്രക്കാരനും ആവശ്യമായ യാത്രാനുമതി ലഭ്യമാക്കുകയും ചെയ്യും. ഈ അനുമതി ലഭിച്ചാലുടൻ എംബസി നിങ്ങൾക്ക് ഒരു ഫോർമൽ നോട്ടിന്‍റെ പകർപ്പ് നൽകും. യാത്രയിൽ യാത്രക്കാർ പാസ്‌പോർട്ട്, കൺഫേം ചെയ്ത ടിക്കറ്റ്, എംബസി നൽകിയ ഫോർമൽ നോട്ട് എന്നിവ നിർബന്ധമായും കൈവശം വെക്കണം. സഊദി ട്രാൻസിറ്റ് വിസയുടെ കാലാവധി 72 മുതൽ 96 മണിക്കൂർ (മൂന്ന് മുതൽ നാല് ദിവസം) വരെ മാത്രമാണ്. ഇതിനുള്ളിൽ ഇന്ത്യയിലേക്ക് മടങ്ങണം.

ഫെബ്രുവരി 28 മുതൽ ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരാണ് മടങ്ങാനാവാതെ പ്രയാസപ്പെടുന്നത്. ഇവരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക