ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം ലഭ്യമാക്കിയില്ല: നവജാത ശിശുവിൻ്റെ മൃതദേഹം കാർഡ് ബോർഡ് ബോക്സിലാക്കി വീട്ടിലെത്തിച്ച് പിതാവ്

റാഞ്ചി: ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം ലഭ്യമാക്കാത്തതിനെ തുടർന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കാർഡ് ബോർഡ് ബോക്സിലാക്കി വീട്ടിലെത്തിച്ച് പിതാവ്.

ജാർഖണ്ഡിലെ സിങ്ങ്ഭും ജില്ലയിലാണ് സംഭവം.ബൻഗ്രാസി സ്വദേശിയായ രാമകൃഷ്ണ ഹേംബ്രൂയ്ക്കാണ് ദുരനുഭവമുണ്ടായത്. പ്രവസത്തിനിടെയായിരുന്നു കുഞ്ഞ് മരിച്ചത്. തുടർന്ന് മൃതദേഹം ബോക്സിലാക്കി വീട്ടിലെത്തിക്കുകയായിരുന്നു.

മാർച്ച് അഞ്ചിനായിരുന്നു രാമകൃഷ്ണയുടെ ഭാര്യ റിതിക തിരിയയെ പ്രസവത്തിനായി പ്രദേശത്തെ ചക്രധർപുർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച യുവതി കുഞ്ഞിന് ജന്മം നൽകി. എന്നാൽ പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം ബോക്സിലാക്കി ഇവർ വീട്ടിലെത്തിച്ചത്.

കുഞ്ഞ് മരിച്ചതിന് ശേഷം ആശുപത്രി അധികൃതർ തന്നോട് ആംബുലൻസ് സൗകര്യത്തെ കുറിച്ചോ മോർച്ചറിയിലെ വാഹന സൗകര്യത്തെ കുറിച്ചോ പറഞ്ഞിരുന്നില്ലെന്ന് രാമകൃഷ്ണ പ്രതികരിച്ചു.

ഇതോടെ മൃതദേഹം ബോക്‌സിലാക്കി ഓട്ടോറിക്ഷയിൽ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇടപെടുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പരിശോധനയിൽ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തിയിരുന്നുവെന്നും ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അൻഷുമാൻ ശർമ്മ പറഞ്ഞു. യുവതി നിലവിൽ ഒബ്‌സർവേഷനിൽ തുടരുകയാണ്. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനായി കുടുംബം യാതൊരു സഹായവും തേടിയിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ സൗകര്യം ചെയ്യുമായിരുന്നുവെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. വിഷയത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.