കൊച്ചി: സംസ്ഥാനത്ത് 14 നിയമസഭാ സീറ്റുകളിൽ ലത്തീൻ കത്തോലിക്കാ സമുദായ അംഗങ്ങളെ മാത്രമേ സ്ഥാനാർഥികൾ ആക്കാവു എന്ന് മുന്നണികൾക്ക് നിർദ്ദേശം നൽകി ലത്തീൻ കത്തോലിക്കാ സഭ. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിനും യുഡിഎഫിനും സഭാ മുഖപത്രം മുന്നറിയിപ്പ് നൽകി. സമുദായം കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് അല്ലെന്നും മുഖപത്രത്തിൽ വ്യക്തമാക്കി.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻനിർത്തി സംസ്ഥാന സർക്കാരിന് പ്രശംസയും മുഖപത്രത്തിലൂടെ നൽകുന്നുണ്ട്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനോടുള്ള നിലപാട് രാഷ്ട്രീയപാർട്ടികൾ വ്യക്തമാക്കണമെന്നും സഭ ആവശ്യപ്പെട്ടു. സഭയുടെ രാഷ്ട്രീയകാര്യ സമിതിയുടെ വൈസ് പ്രസിഡൻ്റും, സമുദായ വക്താവുമായ ജോസഫ് ജൂഡാണ് സഭയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
നെയ്യാറ്റിൻകര, പാറശാല, കോവളം, തിരുവനന്തപുരം, ചവറ, കൊല്ലം, ആലപ്പുഴ, ചേർത്തല, അരൂർ, കൊച്ചി, എറണാകുളം, വൈപ്പിൻ, പീരുമേട് എന്നിങ്ങനെ 14 നിയമസഭാ മണ്ഡലങ്ങളിൽ ലത്തീൻ കത്തോലിക്കരെ മാത്രമേ സ്ഥാനാർഥികളാക്കാവൂ എന്ന് സഭ മുന്നണികളോട് ആവശ്യപ്പെട്ടു. ഇതിൽ കൊച്ചിയും എറണാകുളവും ലത്തീൻ കത്തോലിക്ക പ്രാതിനിധ്യം ഉറപ്പാക്കേണ്ട മണ്ഡലങ്ങളാണെന്ന് ജീവനാദം പറയുന്നു. ഇതിൽ വരുന്ന മാറ്റം അസ്വീകാര്യമാണ്. എന്നാൽ അത് കോൺഗ്രസിനോ യുഡിഎഫിനോ ഗുണം ചെയ്യില്ലെന്നും ജീവനാദം മുന്നറിയിപ്പ് നൽകുന്നു.
1948ൽ ദേശീയ പ്രസ്ഥാനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ലത്തീൻ കത്തോലിക്ക മഹാ ജനസഭ പിരിച്ചുവിട്ട് അണികൾ കോൺഗ്രസിൽ ചേർന്നു. അന്നുമുതൽ കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് ആയി സമുദായം മാറി. എന്നാൽ സമുദായത്തിന് മെച്ചം ഉണ്ടായില്ല. അതിനാൽ 2025ൽ രാഷ്ട്രീയ നയം മാറ്റി. സഭയ്ക്കും സമുദായത്തിനും ആരെ ഗുണം ചെയ്യുന്നോ അവർക്കൊപ്പം സമുദായം നിലകൊള്ളും എന്നതാണ് രാഷ്ട്രീയ നിലപാട്. എൽഡിഎഫ് സർക്കാർ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കുകയും സമുദായത്തിന് ഗുണപരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന സമയം കൊണ്ട് റിപ്പോർട്ടിലെ കുറച്ചു കാര്യങ്ങൾ എങ്കിലും നടപ്പാക്കാൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞാൽ അത് സർക്കാരിന് വലിയ നേട്ടമായി മാറുമെന്നും ജോസഫ് ജൂഡ് പറഞ്ഞു.
14 മണ്ഡലങ്ങളിലും യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ട എന്നാണ് സമുദായത്തിൻ്റെ തീരുമാനം. കഴിഞ്ഞദിവസം വൈപ്പിൻ മണ്ഡലം ലത്തീൻ കത്തോലിക്കാ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലം ആണെന്നും അതിനാൽ സമുദായ അംഗങ്ങളെ മത്സരിപ്പിക്കണമെന്നും ബിഷപ്പുമാർ തന്നെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടക്കം മുൻനിർത്തി സർക്കാർ അനുകൂല സമീപനത്തിലേക്കാണ് ലത്തീൻ കത്തോലിക്കാ സഭയുടെ ചുവടുമാറ്റം. കൊച്ചി മണ്ഡലത്തിൽ സഭയുടെ താൽപ്പര്യത്തിന് വിരുദ്ധമായ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായാൽ യുഡിഎഫിനെ പരസ്യമായി എതിർക്കാൻ ആണ് സമുദായത്തിൻ്റെ തീരുമാനം.





