‘ഇനി ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല’: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ രംഗത്തെത്തി. ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് പരിധികളുണ്ടെന്നും സാധാരണക്കാർക്കും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇനിയും വെച്ചുപൊറുപ്പിക്കില്ലെന്നും യുഎഇ ഫെഡറൽ നാഷനൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതി അധ്യക്ഷൻ ഡോ. അലി റാഷിദ് അൽ നുഐമി വ്യക്തമാക്കി.

അക്രമങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ഉന്നതതലത്തിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇറാനിലെ ജനങ്ങൾക്ക് ദോഷം വരുത്തുന്ന രീതിയിൽ യുദ്ധത്തിൽ പങ്കാളികളാകാൻ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെത്തുടർന്ന് യുഎഇയിലെ പ്രവാസികൾ കടുത്ത ആശങ്കയിലാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ റമസാനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും പരക്കെ നിലനിൽക്കുന്നുണ്ട്. 

സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

….