കൂട്ടുകാരനെ വിശ്വസിച്ച് 8 ലക്ഷം നൽകി; വിദേശത്തെത്തിയ സുഹൃത്ത് മുങ്ങി, ഐടി ജീവനക്കാരൻ കടക്കെണിയിലായതിങ്ങനെ

0
4

കുട്ടിക്കാലം മുതലുള്ള സുഹൃത്തിനെ സഹായിക്കാൻ വേണ്ടി സ്വന്തം സമ്പാദ്യം നൽകിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ ചതിക്കപ്പെട്ട് കടക്കെണിയിലും മാനസിക സംഘർഷത്തിലും. റെഡ്ഡിറ്റിലൂടെയാണ് ഇദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചത്. സംഭവം ഇങ്ങനെ,

വർഷം 12 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന ഐടി ഉദ്യോഗസ്ഥനായിരുന്നു താൻ എന്നാണ് ഇരയാക്കപ്പെട്ട വ്യക്തി സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. തന്റെ ആത്മമിത്രം ന്യൂസിലൻഡിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പോകാൻ പദ്ധതിയിട്ടിരുന്ന സമയത്ത്, ആവശ്യമായ തുക ഇദ്ദേഹം പല തവണകളായി നൽകി. 8 ലക്ഷം രൂപയാണ് സുഹൃത്തിന് വേണ്ടി ഇദ്ദേഹം നൽകിയത്. എന്നാൽ ന്യൂസിലൻഡിൽ എത്തിയ ഉടനെ സുഹൃത്ത് ഇദ്ദേഹവുമായുള്ള ബന്ധം കുറയ്ക്കാൻ തുടങ്ങി.

ഇപ്പോൾ ഫോൺ കോളുകളും മെസ്സേജുകളും പൂർണ്ണമായും അവഗണിച്ച് സുഹൃത്ത് ബന്ധം പൂർണ്ണമായി ഉപേക്ഷിച്ചിരിക്കുകയാണ്. സുഹൃത്തിന് നൽകാൻ പല ലോൺ ആപ്പുകളിൽ നിന്നും എൻ ബി എഫ് സി-കളിൽ നിന്നുമായി 5 ലക്ഷം രൂപയോളം ഇദ്ദേഹം കടമെടുത്തിരുന്നു. മൂന്ന് മാസം മുൻപ് ജോലി നഷ്ടപ്പെട്ടതോടെ ഈ ലോണുകളുടെ തിരിച്ചടവ് മുടങ്ങി. പലിശ വർധിക്കുകയും ലോൺ ഏജന്റുമാരുടെ ശല്യം രൂക്ഷമാകുകയും ചെയ്തതോടെ മാനസികാരോഗ്യം തകർന്നു. സ്വന്തം കുടുംബത്തിന്റെ തന്നോടുള്ള വിശ്വാസവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇദ്ദേഹം ഇപ്പോൾ.