ദുബായ്/കൊച്ചി: ഇറാൻ-ഇസ്രയേൽ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസ് നീട്ടി. യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 2-ന് ഇന്ത്യൻ സമയം രാത്രി 11.59 വരെ റദ്ദാക്കിയത്.
സർവീസുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാർക്ക് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലും ഇ മെയിലിലും നേരിട്ട് ലഭിക്കും. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് airindiaexpress.com-ൽ പരിശോധിക്കണം.
ഫെബ്രുവരി 28 വരെ ബുക്ക് ചെയ്തതും മാർച്ച് 5 വരെ യാത്ര നിശ്ചയിച്ചിരുന്നതുമായ യാത്രക്കാർക്ക് പിഴയില്ലാതെ യാത്ര മാറ്റിവയ്ക്കാം. അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ വാങ്ങാം. യാത്രക്കാർക്ക് airindiaexpress.com-ലോ, അല്ലെങ്കിൽ വാട്സാപ് നമ്പറായ +91 63600 12345-ൽ വച്ചോ ബുക്കിങ്ങുകൾ മാനേജ് ചെയ്യാം. റമസാൻ കാലയളവിലെ ഈ തടസ്സങ്ങളിൽ യാത്രക്കാർ കാണിക്കുന്ന ക്ഷമയ്ക്ക് അധികൃതർ നന്ദി അറിയിച്ചു.
…





