കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് (27.02.2026) വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയും പവന് 1,18,480 രൂപയുമായി ഉയർന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി പവന് 640 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നത്.
ബുധനാഴ്ച സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഇതിന് ശേഷമാണ് വ്യാഴാഴ്ച വിലയിൽ ഇടിവുണ്ടായത്. ഇന്നലെ രാവിലെ 160 രൂപയും ഉച്ചയ്ക്ക് ശേഷം 480 രൂപയുമാണ് കുറഞ്ഞിരുന്നത്. ഇതോടെ പവന് 1,18,080 രൂപയിലും ഗ്രാമിന് 14,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.45 ശതമാനം ഇടിഞ്ഞ് ഔൺസിന് 5,183.71 ഡോളറിലെത്തി. അതേസമയം യു എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.15 ശതമാനം ഉയർന്ന് 5,201.99 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.





