റിയാദ്: കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്‌താർ സംഗമം – 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച മലാസ് ലുലു ഹൈപ്പർ അരീനയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റിയാദിലെ ഒരു പ്രവാസി സംഘടന നടത്തുന്ന ഏറ്റവും വലിയ ഇഫ്‌താർ സംഗമമാണ് കെഎംസിസി സംഘടിപ്പിക്കുന്നത്. അയ്യായിരത്തോളം ആളുകള്‍ ഇഫ്താറിൽ സംബന്ധിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നുണ്ട്. ഇഫ്‌ത്താർ സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതിക്ക് സെന്‍ട്രല്‍ കമ്മിറ്റി യോഗം രൂപം നൽകി. യോഗത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി. സി അലി വയനാട് അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അഷ്‌റഫ് തങ്ങൾ, അഷ്‌റഫ് വേങ്ങാട്ട്, ഉസ്മാൻ അലി പാലത്തിങ്ങൽ, വി. കെ മുഹമ്മദ്, കെ. കെ കോയാമു ഹാജി എന്നിവർ രക്ഷധികാരികളും, സി. പി മുസ്തഫ (ചെയർമാൻ), ശുഐബ് പനങ്ങാങ്ങര (ജനറൽ കൺവീനർ ), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറർ) എന്നിവർ മുഖ്യഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു. റിയാദിലെ വിവിധ സാമൂഹിക, മത, രാഷ്ട്രീയ, സാംസ്കാരിക, വാണിജ്യ, ആരോഗ്യ, കലാ, കായിക, മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അതിഥികളായി ഇഫ്ത്താറിൽ പങ്കെടുക്കും.
കേരളത്തിലെ വിവിധ സി. എച്ച് സെന്ററുകൾക്ക് വേണ്ടി റമദാൻ മാസത്തിൽ സ്വരൂപിക്കുന്ന ഏകീകൃത ഫണ്ട് സമാഹരണം ഈ വർഷവും നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 34 സി. എച്ച് സെന്ററുകളുടെ ചാപ്റ്റർ കമ്മിറ്റികൾ റിയാദിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടി രൂപീകരിച്ച ‘സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലി’ന്റെ പ്രവർത്തനങ്ങൾ സജീവമാക്കും. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള ചികിത്സ സഹായം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ മുഹമ്മദ്, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ്, സി. എച്ച് സെന്റർ സമിതി ചെയർമാൻ അസീസ് വെങ്കിട്ട, റിലീഫ് സെൽ കൺവീനർ സിറാജ് മേടപ്പിൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ
ജലീൽ തിരൂർ, ഷമീർ പറമ്പത്ത്, അഷ്‌റഫ് കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, ഷംസു പെരുമ്പട്ട എന്നിവർ സംസാരിച്ചു. വിവിധ ജില്ല, ഏരിയ, നിയോജക മണ്ഡലം ഭാരവാഹികൾ ചർച്ചയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.





