വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കെപിസിസി ഒരുക്കുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് നിർവഹിച്ചു. ദുരന്തത്തിൽ വയനാടൻ ജനത ജാതി മത വ്യത്യാസമില്ലാതെ ഒരുമിച്ചു നിന്നു. ദുരന്തത്തെ ഈ നാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടത് താൻ കണ്ടതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതിജീവനത്തിന്റെ പാതയിൽ എന്നും ജനങ്ങൾക്കൊപ്പമുണ്ടെന്നും ദുരന്ത ഭൂമിയിൽ രാഷ്ട്രീയം കളിക്കുന്ന ആളുകളല്ല കോൺഗ്രസ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്താണ് വീടുകൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ പങ്കെടുത്തു.
“ദുരന്തത്തിന്റെ ഉണങ്ങാത്ത മുറിവുകൾ ജീവിതത്തിന്റെ അവസാനം വരെ ഇവർ കൊണ്ടുനടക്കും. ഉറ്റവർ കൂടെയുണ്ടായിരുന്നെങ്കിൽ എന്നവർ ആശിക്കും. ഈ നിമിഷത്തിൽ ഈ ജനതയോട് ഒന്നുമാത്രമേ സ്നേഹപൂർവം പറയാനുള്ളു. അതിജീവനത്തിന്റെ ഈ പാതയിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ ഞങ്ങളുടെ കുടുംബമാണ്.
ഇന്ന് എന്നോ നാളെയെന്നോ അല്ല. നിങ്ങൾക്ക് എന്ന് ആവശ്യമുണ്ടെങ്കിലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. വീട് വച്ചു നൽകാനുള്ള പദ്ധതി ഇത്രയും നീണ്ടുപോയതിൽ ഒട്ടും സന്തോഷമില്ലെന്നാണ് എന്റെ സഹോദരി എന്നോട് പറഞ്ഞത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നേരിടേണ്ടിവന്ന പ്രശ്നങ്ങളാണ് അതിന് കാരണമായത്. ഇനി എല്ലാം പെട്ടന്ന് പൂർത്തികരിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്”, രാഹുൽ ഗാന്ധി.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെ കാഴ്ചകൾ മറക്കില്ലെന്നും വയനാട്ടുകാരുടെ ധൈര്യം പ്രശംസനീയമാണെന്നും എംപി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. ദുരന്തം നടന്ന അന്നുമുതൽ ഇന്നുവരെ നിങ്ങളുടെ കൂടെയുണ്ട്. പാർലമെന്റിൽ പലതവണ നിങ്ങൾക്കു വേണ്ടി സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾക്ക് ചെറിയ തുക നൽകി സഹായിക്കും. എല്ലാ രാഷ്ട്രീയത്തിനും അതീതമായി നിങ്ങളുടെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ്. വീട് നിർമിക്കാനായി ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ സങ്കീർണതകൾ ഉണ്ടായി. ഇപ്പോൾ വീട് നിർമാണത്തിൽ എത്തി നിൽക്കുമ്പോൾ സന്തോഷം ഉണ്ടെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ പറഞ്ഞു.





