റമസാൻ: ഷാർജയിലും അജ്മാനിലും തടവുകാർക്ക് പൊതുമാപ്പ്

0
6

ഷാർജ/അജ്മാൻ റമസാനോടനുബന്ധിച്ച് ഷാർജയിലും അജ്മാനിലും തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന 872 പേർക്കാണ് ഭരണാധികാരികൾ മോചനം അനുവദിച്ചത്. ഷാർജയിൽ 738 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. 

ജയിലിലെ മികച്ച പെരുമാറ്റവും സ്വഭാവശുദ്ധിയും കണക്കിലെടുത്താണ് ഇവർക്ക് ഇളവ് അനുവദിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പ്രിയപ്പെട്ടവരിലേക്ക് മടങ്ങാൻ ഇതോടെ ഇവർക്ക് വഴിയൊരുങ്ങി.

അജ്മാനിൽ 134 തടവുകാരെ മോചിപ്പിക്കാനാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടത്. വിവിധ രാജ്യക്കാരായ തടവുകാർക്ക് പുതിയൊരു ജീവിതം തുടങ്ങാനും റമസാൻ നാളുകളിൽ കുടുംബത്തോടൊപ്പം ചേരാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരിയുടെ ഈ കാരുണ്യത്തിന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമി നന്ദി അറിയിച്ചു. മോചന നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

റമസാനോടനുബന്ധിച്ച്  യുഎഇയിലെ വിവിധ ജയിലുകളിൽ നിന്ന് 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.