ഇന്ത്യൻ ആർമിയുടെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം; തേയില വ്യാപാരിയെ ബന്ധപ്പെട്ടത് ആർമി കാൻ്റീൻ ഇൻചാർജെന്ന് പറഞ്ഞ്

0
6

കോട്ടയം: ഇന്ത്യൻ ആർമിയുടെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. കോട്ടയത്തെ തേയില മൊത്ത വ്യാപാരിയെയാണ് ഫോണിലൂടെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. ആർമി കാൻ്റീനിലേക്ക് തേയില നൽകുന്നതിനുള്ള കരാറിന് എന്ന പേരിലാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. സംഭവത്തിൽ റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീൻ കോട്ടയം സൈബർ പൊലീസിൽ പരാതി നൽകി.

കുനാൽ ചൗദരി എന്ന് പേരുള്ള ആർമി ഓഫീസർ ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും ആർമി കാൻ്റീൻ ഇൻചാർജ് ആണെന്നാണ് പരിചയപ്പെടുത്തിയതെന്നും മുഹമ്മദ് അമീൻ പറഞ്ഞു. 100 രൂപ അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും അതിനായി ലിങ്കിൽ കയറി പണം അടക്കണമെന്നും ആവിശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയതെന്നും കമ്പനി ഉടമ വ്യക്തമാക്കി. ‌‌

ഓൺലൈനായി പണം അടയ്ക്കാൻ കഴിയില്ലെന്നും അക്കൗണ്ട് നമ്പർ ആവശ്യപ്പെടുകയും ചെയ്തതോടെ പത്ത് രൂപയെങ്കിലും ഓൺലൈനായി അടയ്ക്കണമെന്ന് നിർബന്ധിച്ചതായും മുഹമ്മദ് അമീൻ പറഞ്ഞു. തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകിയതെന്നും അ​ദ്ദേഹം പറഞ്ഞു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ജിഎസ്ടി നമ്പർ നൽകി വിശ്വാസം പിടിച്ചുപറ്റാനും സംഘം ശ്രമം നടത്തിയതായും കമ്പനി ഉടമ വ്യക്തമാക്കി. ‌‌പറഞ്ഞു. ഗുജറാത്ത് കേന്ദ്രമാക്കിയ തട്ടിപ്പ് സംഘമാണെന്നാണ് സൈബർ പൊലീസ് പറയുന്നത്.