ആ നീക്കം കരുത്തായി, ലുലുവിന്റെ ലാഭവിഹിതം 1785 കോടി, 71,585 കോടിയുടെ റെക്കാഡ് വരുമാനം

0
43

അബുദാബി : കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കാഡ് വരുമാനവുമായി ലുലു റീട്ടെയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. രണ്ടാം അർദ്ധ വർഷത്തിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇക്കാലയളവിലെ അറ്റാദായം 1856 കോടി രൂപയാണ്.

വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്‌സ് രംഗത്തെ മികച്ച വളർച്ചയും കരുത്തായി. കഴിഞ്ഞ വർഷം 20 പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. മൂന്ന് വർഷത്തിനുള്ളിൽ 50 പുതിയ സ്റ്റോറുകൾ തുറക്കും.

വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് മികച്ച നേട്ടം ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

ഇ കൊമേഴ്‌സ് കരുത്തായി

ഇ കൊമേഴ്‌സ് വിൽപ്പനയിൽ 38.6 ശതമാനം അധിക വളർച്ചയാണ് ലുലു റീട്ടെയിൽ കൈവരിച്ചത്. ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ 7.3 ശതമാനം വർദ്ധനയുണ്ട്. ലുലുവിന്റെ ഹാപ്പിനെസ് ലോയൽറ്റി മെമ്പർഷിപ്പിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വളർച്ചയാണുള്ളത്. 84 ലക്ഷം അംഗങ്ങളാണ് ലോയൽറ്റി പ്രോഗ്രാമിലുള്ളത്.

ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങൾ ലുലുവിന്റെ മികച്ച വളർച്ചാ നിരക്കിന്റെ പ്രതിഫലനമാണ്. നിക്ഷേപകർക്ക് മികച്ച നേട്ടം ഉറപ്പാക്കും.