പുതിയ കമ്പനി തുടങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് അമേരിക്കയിൽ നിന്നെത്തിയ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. ബെംഗളൂരു എച്ച്.എ.എൽ ലേഔട്ടിലെ വില്ലയിലാണ് നാവികസേന മുൻ ക്യാപ്റ്റനും ഡോക്ടറായ ഭാര്യയും ഏകമകന്റെ കൈയാൽ ദാരുണമായി കൊല്ലപ്പെട്ടത്. നാവികസേന മുൻ ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട്, ഭാര്യ ഡോ. ശ്യാമള ഭട്ട് എന്നിവരാണ് മരിച്ചത്.
ബെംഗളൂരുവിലെ വിജ്ഞാൻ നഗറിലുള്ള ‘ആദർശ് വിസ്റ്റ’ വില്ലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അമേരിക്കയിൽ സോഫ്റ്റ്‌വേർ എൻജിനീയറായിരുന്ന മകൻ രോഹൻ ചന്ദ്ര അടുത്തിടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. സ്വന്തമായി പുതിയ സംരംഭം തുടങ്ങാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടതിനെച്ചൊല്ലി വീട്ടിൽ തർക്കം നിലനിന്നിരുന്നു. ഇതിൽ പിണങ്ങി മാറിത്താമസിക്കുകയായിരുന്ന രോഹൻ തിങ്കളാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്.
തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദമ്പതികളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കറിക്കത്തി ഉപയോഗിച്ച് ഇരുവരെയും മരണം ഉറപ്പാക്കുന്നതുവരെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയായ രോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.





