സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് നേരിട്ട് പ്രവേശനം; വിമാന കമ്പനികൾക്ക് ഗാക സർക്കുലർ അയച്ചു

0
3671

റിയാദ്: സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സഊദിയിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നതുമായി ബന്ധപെട്ടു സിവിൽ എവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു. സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശനം അനുവദിക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സഊദിയിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകളോടും നിർദ്ദേശിച്ചു.

ഇത്തരത്തിൽ എത്തുന്ന യാത്രക്കാർക്ക് മൂന്ന് ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നടപടിക്രമങ്ങൾ ബാധകമാക്കേണ്ടതുണ്ടെന്നും ഇക്കാര്യം വിമാന കമ്പനികൾ പരിശോധിക്കണമെന്നും രാജ്യത്തെ എല്ലാ എയർ ലൈൻ കമ്പനികളിലേക്കും അയച്ച സർക്കുലറിൽ അതോറിറ്റി ആവശ്യപ്പെട്ടു.

അടുത്ത ശനിയാഴ്ച പുലർച്ചെ ഒരു മണി മുതൽ ഇത്‌ പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് സ്വീകരിച്ചിട്ടുള്ള എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാർക്ക് ബോധവൽക്കരണം നൽകണമെന്നും എല്ലാ വിമാന കമ്പനികളോടും അതോറിറ്റി ആവശ്യപ്പെട്ടു.