റമദാനിൽ ഉത്തരേന്ത്യയിൽനിന്നു യാചക വേഷത്തിൽ ക്രിമിനലുകൾ എത്തിയെന്ന്? കേരള പൊലീസിന്റെ പേരിലുള്ള പ്രചാരണം വ്യാജം | Fact Check

0
16

ഉത്തരേന്ത്യയില്‍നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള യാചകര്‍ റമദാൻ മാസത്തിൽ കേരളത്തിലേക്കു വരുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ പേരില്‍ ഒരു അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർഥ്യമെന്തെന്ന് വ്യക്തമാക്കുന്നതാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ. വാസ്തവമെന്തെന്ന് പരിശോധിക്കാം.

∙ അന്വേഷണം

പൊലീസിന്റെ പേരിലുള്ള ഒരു അറിയിപ്പിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒരു ലോഗോയും സർക്കിൾ ഇൻസ്പെക്ടർ എന്നെഴുതിയ സീലിന്റെ പകുതിയും ഇതിൽ കാണാം. ‘കേരള പൊലീസ് അറിയിപ്പ്: പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവര്‍ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവര്‍ക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രം ഉള്ള വീട്ടില്‍ ഇവര്‍ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടുക…’ എന്നാണ് അറിയിപ്പ് ആരംഭിക്കുന്നത്.

പരിശോധിച്ചപ്പോൾ, മുൻ വർഷങ്ങളിലും ഇതേ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി. സാധാരണ ഇത്തരത്തിലുള്ള അറിയിപ്പുകൾ കേരള പൊലീസിന്റെ ഔദ്യോഗിക പേജുകൾ വഴി അവർ പോസ്റ്റ് ചെയ്യാറുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ പരിശോധിച്ചപ്പോൾ ഇത്തരത്തിലൊരു അറിയിപ്പ് നൽകിയിട്ടുള്ളതായി കണ്ടെത്തിയില്ല. മാത്രമല്ല, പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന ഒറു പോസ്റ്റ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽനിന്നു ലഭിക്കുകയും ചെയ്തു.

ഇതിൽനിന്ന് റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചകരുടെ വേഷത്തില്‍ ക്രിമിനലുകള്‍ എത്തുമെന്ന തരത്തിലുള്ള സന്ദേശം കേരള പൊലീസ്  നൽകിയിട്ടില്ലെന്ന് വ്യക്തമായി. ഇത്തരം വ്യാജ വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക എന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മുൻപും ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ടായിട്ടുണ്ട്.

ഫാക്ട് ചെക് കടപ്പാട് : മനോരമ ഓൺലൈൻ