ടീം യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

0
9

കാസർകോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ ‘പുതുയുഗ യാത്ര’ക്ക് കാസർകോട് കുമ്പളയിൽ തുടക്കം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്.

‘ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യു ഡി എഫ്’ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. സി പി എം വർഗീയ വാദികളുടെ കൈകളിലേക്ക് തീപന്തം എറിഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞ സതീശൻ, വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.

രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വിവരിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സി പി എമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സതീശൻ ചോദിച്ചു.

സതീശന്‍റെ വാക്കുകൾ
യു.ഡി.എഫ് പുതുയുഗ യാത്ര എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ ജാഥ അവസാനിക്കും.

പത്ത് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റുകളും ദുഷ്‌ചെയ്തികളും ദുര്‍ഭരണവും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷം മുന്നോട്ട് പോയത്. കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്. സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നു. നികുതി പിരിവിന് ആനുപാതികമല്ല ചെലവ്. വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണമില്ലാത്ത അവസ്ഥയാണ്.

കോടികളാണ് കടമെടുക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ 6 ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയാണ് നമ്മുടെ തലയ്ക്കു മീതെ വരുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്.

വിദേശത്തേക്ക് പഠനത്തിന് പോകുന്ന കുട്ടികളുടെ എണ്ണം ഇതുപോലെ തുടര്‍ന്നാല്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കേരളം വൃദ്ധസദനമായി മാറും. കാര്‍ഷിക മേഖലയും തകര്‍ച്ചയിലാണ്. തീരപ്രദേശം സങ്കടത്തിലാണ്. വന്യജീവി ആക്രമണം രൂക്ഷമാകുന്നു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് പോലും നല്‍കുന്നില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എതിരായ കുറ്റപത്രം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണയായി തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ജാഥകളില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതുയുഗ യാത്ര. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം ഭാവി കേരളം എങ്ങനെയായിരിക്കുമെന്ന് പറയുന്നതിന് വേണ്ടിയാകും ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു.ഡി.എഫിന് ബദല്‍ പദ്ധതികളുണ്ട്. അത് വെറും പ്രഖ്യാപനമല്ല. വിശ്വാസ്യതയുള്ള വിദഗ്ധരുടെ സേവനം ഉപയോഗിച്ച് തയാറാക്കിയ വിഷന്‍ ഡോക്യുമെന്റ് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലുമുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി യു.ഡി.എഫ് നേതൃത്വം വിവിധ മേഖലകളിലെ വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയും കോണ്‍ക്ലേവുകളിലെയും ഉരുത്തിരിഞ്ഞ് വന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ആശയങ്ങളുണ്ട്. അതാണ് വിവിധ വകുപ്പുകളില്‍ നടപ്പാക്കാന്‍ പോകുന്നത്. കേരളം ഇതുവരെ കാണാത്ത, കേരളത്തിന്റെ പ്രത്യേകതകളെയും സവിശേഷതകളെയും സ്വീകരിച്ചു കൊണ്ട് നടപ്പാക്കാന്‍ പോകുന്ന സ്വപ്‌നതുല്യമായ പദ്ധതികളുടെ പ്രഖ്യാപനം പലഘട്ടങ്ങളിലായി ജാഥ തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പുണ്ടാകും.

ജാഥയുടെ 75 ശതമാനം സമയവും ഭാവി കേരളം എങ്ങനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ്. അടിസ്ഥാനപരമായ മാറ്റം എല്ലാ രംഗങ്ങളിലും ഉണ്ടാകും. തൊഴിലവസങ്ങളും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകും. ആരോഗ്യ – വിദ്യാഭ്യാസ കാര്യങ്ങളില്‍ വിദേശത്ത് നിന്നും പോലും ആളുകള്‍ വരുന്ന ഡെസ്റ്റിനേഷന്‍ പോയിന്റാക്കി കേരളത്തെ മാറ്റുന്നതിനുള്ള സമഗ്ര പദ്ധതികളുണ്ട്.