കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ സാമൂഹ്യ വിഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവഗിരി മഠവുമായി ചേര്‍ന്ന് മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്.
ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദിയോടനുബന്ധിച്ചാണ് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28ന് കൊല്ലത്തെ ആശ്രാമം മൈതാനത്ത് നടക്കുന്ന സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം,ക്രൈസ്തവ,നായര്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഈഴ വ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഇടതുമുന്നണിയോടൊപ്പമാണ് നിലയുറപ്പിക്കുന്നത്. ഈ വോട്ടര്‍മാരെ പ്രസ്ഥാനവുമായി അടുപ്പിക്കണമെന്ന ആലോചനകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ സജീവമാണ്.
ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിറില്‍ പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷങ്ങളുമായി മികച്ച ബന്ധം പാര്‍ട്ടിക്കുണ്ടാവണമെന്ന തീരുമാനമെടുത്തിരുന്നു. രാഹുല്‍ ഗാന്ധിയും ഇക്കാര്യം എപ്പോഴും ഉന്നയിക്കുന്നതുമാണ്. അതിന്റെ കൂടെ തുടര്‍ച്ചയായാണ് ഈഴവ വോട്ടര്‍മാരെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ക്ക് അടുത്ത് നേടാന്‍ കോണ്‍ഗ്രസിനെ ഈ നയം സഹായിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങളോട് തുടര്‍ച്ചയായി ആശയവിനിമയം നടത്തിവരുന്നുണ്ട്. ഓരോ ചെറിയ സാമൂഹ്യ വിഭാഗങ്ങളുമായും ഇടപെടാന്‍ വി ഡി സതീശന്‍ പ്രത്യേകം ശ്രമിക്കുന്നുണ്ട്. ഈ നിലപാടിന്റെ ഭാഗമായാണ് സി കെ ജാനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെ യുഡിഎഫിന്റെ ഭാഗമാക്കിയത്. ഈ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് പൊതുവില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈഴവ വോട്ടര്‍മാരിലേക്ക് എത്താന്‍ കോണ്‍ഗ്രസ് ശ്രമം.





