സൈബർ ആക്രമണം തടയണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം പരാതി നൽകിയ അതിജീവിതയാണ് പരാതി നൽകിയത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സൈബർ ആക്രമണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
പാർട്ടി സ്വീകരിച്ച നടപടി പ്രതീകാത്മകം മാത്രമാണെന്നും പരാതി നൽകിയത് നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സൈബർ ആക്രമണത്തിലൂടെ നിശബ്ദയാക്കാനാണ് ശ്രമം. ഫെന്നി നൈനാൻ തുടർച്ചയായി സമൂഹ മാധ്യമങ്ങളിലൂടെ തുടർച്ചയായി സൈബർ ആക്രമണവും വ്യക്തിഹത്യ നടത്തുന്നതായും അതിജീവിതയുടെ പരാതിയിൽ പറയുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സ്വകാര്യ സംഭാഷണങ്ങളും ചാറ്റുകളും അനുവാദമില്ലാതെ ഫെന്നി നൈനാൻ പുറത്തു വിടുകയാണ് ചെയ്യുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള ഫൈന്നി നൈനാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇയാൾ നിരന്തരം പൊതു അഭിപ്രായത്തെ സമൂഹ മാധ്യമങ്ങളിലൂടെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഇതിനായി ഇയാൾ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ ഉപയോഗിക്കുന്നതായും പരാതിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി വെറും പ്രതീകാത്മകം മാത്രമാണെന്നും കോൺഗ്രസ് സൈബർ ഹാൻഡിലുകൾ ഇപ്പോഴും രാഹുലിന് വേണ്ടി പിആർ വർക്ക് നടത്തുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. ചിന്തിക്കാൻ കഴിയാത്ത അത്ര ട്രോമയിലൂടെയാണ് ഓരോ ഇരയും കടന്നു പോകുന്നതെന്നും എന്നിട്ടും തങ്ങൾ പൊരുതാനുള്ള ശക്തി സംഭരിക്കുകയാണെന്നും പ്രായപൂർത്തിയാവാത്ത ഇരകളുൾപ്പെടെ ഇതിലുൾപ്പെടുന്നുവെന്നും പരാതിയിൽ അതിജീവിത വ്യക്തമാക്കുന്നുണ്ട്.





