ഭീതി പടർത്തി വ്യാജ സന്ദേശങ്ങളും, സഊദിയിൽ ലോക്ഡൗണും വിമാനങ്ങളില്ലെന്നും വ്യാജ പ്രചാരണം

0
27788

റിയാദ്: ഒമിക്രോണ്‍ ഭീതിക്കിടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ മുൾ മുനയിലാക്കി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. സഊദിയിൽ ലോക്ഡൗണ് പ്രഖ്യാപിച്ചെന്നും അകത്തേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കിയെന്നുമുൾപ്പെടെയുള്ള വ്യാജ പ്രചാരണങ്ങളാണ് വാട്സ്പ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി പ്രചരിക്കുന്നത്. നിലവിൽ കൊറോണ വക ഭേദമായ ഒമിക്രോണ്‍ ഭീതി നില നിൽക്കുന്നതിനാൽ കേട്ടവർ കേട്ടവർ സന്ദേശം സത്യമാണെന്ന് കരുതി അന്വേഷിക്കുക പോലും ചെയ്യാതെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്.

“‼️ കാനഡക്ക് അകത്തും പുറത്തും വിമാന സർവീസുകൾ നിരോധിക്കുന്നു, കൂടാതെ മരണസംഖ്യ 1,000 കവിയുന്നു.

‼️സൗദി അറേബ്യയിൽ ലോക് ഡൌൺ ആണ്. അകത്തും പുറത്തും വിമാനങ്ങളൊന്നുമില്ല.

‼️ ടാൻസാനിയ പൂർണ്ണമായും ലോക്ക് ഡൌൺ ചെയ്തിരിക്കുന്നു.

‼️ബ്രസീൽ ഏറ്റവും മാരകമായ അദ്ധ്യായത്തിലേക്ക് വീണു, ഇന്നലെ 4,100 ലധികം പേർ മരിച്ചു.

‼️അടിയന്തിരാവസ്ഥ നീട്ടാൻ കഴിയുമെന്ന് സ്പെയിൻ പ്രഖ്യാപിച്ചു” ………..

ഇങ്ങനെ പോകുന്നു വ്യാജ സന്ദേശങ്ങളിലെ വാചകങ്ങൾ

എന്നാൽ, പൂർണ്ണമായും വ്യാജമായ ഈ സന്ദേശം സഊദി ഗ്രൂപ്പുകളിലും ഇത്‌ ഷെയർ ചെയ്യപ്പെട്ടതോടെ മൂക്കത്ത് കൈവെച്ചിരിക്കുകയാണ് സഊദി പ്രവാസികൾ. നിലവിൽ സഊദിയിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് പ്രവാസികളെ ആശങ്കയിൽ ആഴ്ത്തുന്നത്. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പെട്ട 14 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്.

അതേസമയം, സഊദിയിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. അതിനാൽ എന്തെങ്കിലും ഒരു സന്ദേശം വാട്സ്ആപ്പ് വഴിയോ മറ്റോ കിട്ടുമ്പോൾ ഒന്നും അന്വേഷിക്കാതെ മറ്റുള്ള ഗ്രൂപ്പുകളിലേക്ക് തട്ടുന്നവർ ഇത്‌ ഓർക്കുന്നത് നന്നായിരിക്കും.

സഊദി പ്രവാസികളെ ശ്രദ്ധിച്ചോളൂ… സ്മാർട്ട് ഫോണുകൾ ദുരുപയോഗം ചെയ്‌താൽ ഒരു വർഷം തടവും 500,000 റിയാൽ പിഴയും