ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനാഘോഷം; പഴുതുകളില്ലാത്ത സുരക്ഷ

0
57

ന്യൂഡൽഹി: രാജ്യം 77–ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോൾ കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം. ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു ഡൽഹി പൊലീസും കേന്ദ്രസേനകളും ചേർന്നൊരുക്കുന്നതു പഴുതുകളില്ലാത്ത സുരക്ഷയാണ്.

ഖലിസ്ഥാൻ ഭീകരൻ പന്നുവിന്റെ ഭീഷണി കൂടെ എത്തിയതോടെ സേനാ വിന്യാസം കൂട്ടി. രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന കർത്തവ്യപഥിനു പുറമേ രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. 

പരിശോധനകൾക്കായി ഫേഷ്യൽ റക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ, തെർമൽ ഇമേജിങ് അടക്കം വിപുലമായ സംവിധാനങ്ങളാണു പൊലീസിനായി ഒരുക്കിയിരിക്കുന്നത്. മുപ്പതിനായിരത്തിലേറെ സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളുമുണ്ട്. പരേഡ് കാണാനെത്തുന്നവർ ദേഹപരിശോധനയടക്കം 6 തലങ്ങളിലുള്ള പരിശോധനകൾക്കു വിധേയരാകണം.

500ൽ അധികം ക്യാമറകളും നഗരത്തിലെ പ്രധാനയിടങ്ങളിൽ സ്ഥാപിച്ചു. തിരക്കുള്ള മേഖലകളിലും ആളുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഡൽഹി പൊലീസിന്റെ സ്വാറ്റ് ടീമിനെയും എൻഎസ്ജിയെയും വിന്യസിച്ചു. റിപ്പബ്ലിക് ദിന പരേഡ് രാവിലെ 10.15ന് ആരംഭിക്കും. 

‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂർവ ചിത്രങ്ങൾ കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും. പുഷ്പാലങ്കാരങ്ങൾ, ക്ഷണക്കത്തുകൾ, വിഡിയോകൾ, ടാബ്ലോകൾ എന്നിവയിലെല്ലാം ഈ പ്രമേയം പ്രതിഫലിക്കും. ഇന്ത്യൻ സൈന്യം ആദ്യമായി പരേഡിൽ ‘ബാറ്റിൽ അറേ ഫോർമേഷൻ’ പ്രദർശിപ്പിക്കും. സൈനിക പ്രദർശനത്തിൽ സൈനികരുടെ പരേഡ്, ആധുനിക ആയുധ സംവിധാനങ്ങൾ, ഡ്രോണുകൾ, ടാങ്കുകൾ, മിസൈൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കും.

ഇന്ത്യൻ നാവികസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെടും. നാവികസേനയുടെ വിമാനങ്ങൾ അണിനിരക്കുന്ന ഫ്ലൈപാസ്റ്റിൽ 29 വിമാനങ്ങൾ ഉണ്ടാകും. റാഫേൽ, സു-30 എംകെഐ, മിഗ്-29 വിമാനങ്ങളും അപ്പാച്ചെ, എൽസിഎച്ച് പ്രചണ്ഡ് ഹെലികോപ്റ്ററുകളും ഇതിൽ ഉൾപ്പെടുന്നു. ബാക്ട്രിയൻ കാമൽ, ആർമി ഡോഗ് സ്ക്വാഡ് എന്നിവയും പരേഡിൽ അണിനിരക്കും.