സുമനസ്സുകൾ കൈകോർത്തു, സഊദിയിൽ ദുരിതത്തിലായ ശാക്കിറിനെ ചികിത്സക്കായി നാട്ടിലെത്തിച്ചു

0
27
  • അത്യാസന്ന നിലയിലായതോടെ ഭാര്യയേയും മകനേയും ഭാര്യ സഹോദരനേയും സ്പോൺസർ ദമമ്മിലെത്തിച്ചിരുന്നു

ദമാം: അത്യാസന്ന നിലയിൽ അഞ്ചര മാസത്തോളം ദമാമിലെ മുവാസാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പരുത്തിക്കാട് സ്വദേശി മൂലക്കൽ സൈനുദ്ദീൻ ഹാജിയുടെ മകൻ ശാക്കിർ ജമാലിനെ (32) നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസി വെൽഫെയർ ഉദ്യോഗസ്ഥൻ ആഷിഖ് കണ്ണൂർ, ശാക്കിർ ജോലി ചെയ്തിരുന്ന കമ്പനിയുടെ സ്പോൺസർ ഹുസൈൻ മഹ്ദി അൽ സലാഹ്, ഒപ്പം ദമാം കെ.എം സി.സി, സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ), ഇ എം എഫ് റാക്ക, തുടങ്ങിയവർ കൈ കോർത്തതോടെയാണ് ശാക്കിറിനെ നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങിയത്.

ശ്രീലങ്കൻ എയർലൈൻസ് വഴി പ്രത്യേകം സജ്ജീകരിച്ച സ്ട്രക്ച്ചറിൽ നാട്ടിലേക്ക് പോകുവാനുള്ള വിമാന ചാർജ്ജ് ഇന്ത്യൻ എംബസി വഹിച്ചു. കൊച്ചിയിലേക്ക് കൊണ്ട് പോയ ശാക്കിറിനെ നോർക്ക ഒരുക്കിയ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഏറെ പ്രയാസത്തിലായിരുന്ന ശാക്കിറിന്റെ വിഷയം റിയാദ് ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ട് വരികയും നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള സഹായം നൽകണമെന്നഭ്യർത്ഥിച്ച് ഇ ടി മുഹമ്മദ് ബഷീർ എം.പി ഇടപെടൽ നടത്തിയിരുന്നു. നാട്ടിൽ നിന്നും വന്ന മെഡിക്കൽ ടീമിന് വേണ്ട ചെലവ് കമ്പനിയും ഇ എം എഫ് റാക്ക ഫുട്‍ബോൾ ക്ലബും വഹിച്ചു. മുവാസാത്ത് ആശുപത്രിയിൽ നിന്നും ഐ.സി.യു സംവിധാനമുള്ള ആംബുലൻസിൽ ദമാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ എത്തിക്കുവാൻ ആർ.പി.എം ഗ്രൂപ്പ് സഹകരണം നൽകി.

അത്യാസന്ന നിലയിലായതോടെ ഭാര്യയേയും മകനേയും ഭാര്യ സഹോദരനേയും സ്പോൺസർ ദമ്മാമിലെത്തിക്കുകയും ചെയ്തിരുന്നു. ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നത് വരെ കുടുംബത്തിന് ഇവിടെ കഴിയാനുള്ള എല്ലാ സഹായവും സ്പോൺസർ നൽകിയിരുന്നു. വളരെ നിർധമായ കുടുബത്തിലെ ആശ്രയമായ ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനും തുടർ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനും ദമാം കെ.എം സി.സി, ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ, ഇ എം എഫ് റാക്ക ഫുട്‍ബോൾ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് നിവ്വഹിച്ചത്.

കിഴക്കൻ പ്രവിശ്യാ കെ.എം സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ മറ്റു കെഎംസിസി നേതാക്കളായ ആശിഖ് ചേലേമ്പ്ര, അഷ്റഫ് ആലുങ്ങൽ, ഹുസൈൻ വേങ്ങര, ആലിക്കുട്ടി ഒളവട്ടൂർ, ബഷീർ ആലുങ്ങൽ, കബീർ കൊണ്ടോട്ടി. സലീം പാണമ്പ്ര, ശബീർ തേഞ്ഞിപ്പലം തുടങ്ങിയവർ സഹായ പ്രവർത്തനങ്ങൾക്ക് സജീവമായി മുന്നിലുണ്ടായിരുന്നു. ഫുട്‍ബോൾ താരമായ ശാക്കിറിനെ സഹായിക്കുവാൻ ഡിഫയുടെ വെൽഫെയർ വിങും സജീവമായി രംഗത്തുണ്ടായിരുന്നു. പ്രസിഡന്റ് ഷമീർ കൊടിയത്തൂർ, മുജീബ് കളത്തിൽ, നൗഫൽ പാരി, ഫതീൻ മങ്കട, നൗശാദ് മൂത്തേടം എന്നിവർ സഹായ പ്രവർത്തനങ്ങക്ക് നേത്യത്വം നൽകി.