സോഫയിൽ നിന്ന് എഴുന്നേൽക്കവേ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിയേറ്റു; യുവാവിന് ദാരുണാന്ത്യം

0
130

ചണ്ഡീഗഡ്: തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേട്ട് യുവാവിന് ദാരുണാന്ത്യം. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. സോഫയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അരയില്‍ വച്ചിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. ധനി സുച്ച സ്വദേശിയായ സോനു എന്ന് അറിയപ്പെടുന്ന ഹർപിന്ദർ സിങ്ങാണ് മരിച്ചത്.

സംഭവസമയത്ത് ഹർപിന്ദർ സിങ് ബന്ധുവിനൊപ്പം സോഫയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എഴുന്നേറ്റപ്പോൾ അരയിൽ വച്ചിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ട് ബന്ധുക്കൾ ഓടിയെത്തുന്നതായും ഹര്‍പിന്ദറിനെ പുറത്തേക്ക് കൊണ്ടുപോകുന്നതായും ദൃശ്യങ്ങളിൽ കാണാം.

ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടുന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രാമദ്ധ്യേ ഹർപിന്ദർ മരണപ്പെട്ടു.

വിദേശത്തായിരുന്ന ഹർപിന്ദർ അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. ഹർപിന്ദറിന്റെ ശവസംസ്കാര ചടങ്ങ് ചൊവാഴ്ച നടന്നു.