ദുബായ്: ദുബായ് നഗരമധ്യത്തിൽ 125 നിലകളുള്ള കൂറ്റൻ ഗോപുരത്തിന് മുകളിൽ ലാൻഡ് ചെയ്തിരിക്കുന്ന ഭീമൻ എയർബസ് എ380 വിമാനം! ലോകത്തെ അമ്പരപ്പിച്ച ഈ ‘ദുബായ് എയർ ഹോട്ടൽ’ വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ രംഗത്തെത്തി.
3.6 കോടിയിലേറെ പേർ കണ്ട ഈ ദൃശ്യങ്ങൾ പൂർണമായും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് നിർമിച്ചതാണെന്നും ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും എമിറേറ്റ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
580 മീറ്റർ ഉയരമുള്ള ഗോപുരത്തിന് മുകളിൽ വിമാനം നിൽക്കുന്ന ഈ ദൃശ്യം കണ്ടാൽ ആരും വിശ്വസിച്ചുപോകുന്ന അത്രയും തന്മയത്വത്തോടെയാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 300 കോടി ഡോളർ ചെലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിലൊന്നായി ഇത് മാറുമെന്ന തരത്തിലായിരുന്നു പ്രചാരണം. രാജ്യാന്തര വാർത്താ മാധ്യമങ്ങൾ പോലും ഇത് വാർത്തയാക്കിയതോടെ ലോകമെങ്ങും വലിയ ആവേശമാണ് ഉണ്ടായത്.
∙ സത്യം വെളിപ്പെട്ടത് ഇങ്ങനെ
സമൂഹമാധ്യമത്തിൽ വൈറലായ ഈ വിഡിയോ വ്യാജ നിർമിതിയാണെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. എമിറേറ്റ്സ് എയർ ഹോട്ടൽ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പൂർണമായും കൃത്രിമമായി നിർമിച്ചതാണെന്നും സത്യമല്ലെന്നും എമിറേറ്റ്സ് സ്ഥിരീകരിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് 21ന് ഒരു ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആകാശത്ത് ഒഴുകിനടക്കുന്ന 7 സ്റ്റാർ ഹോട്ടൽ എന്ന കുറിപ്പോടെ വന്ന വിഡിയോയിൽ പിന്നീട് വാർത്താ ഏജൻസികൾ നിലകളുടെ എണ്ണവും ഉയരവുമെല്ലാം ഭാവനയിൽ ചേർക്കുകയായിരുന്നു.
∙ എന്തുകൊണ്ട് ലോകം ഇത് വിശ്വസിച്ചു?
സാധാരണ ഗതിയിൽ അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങൾ യാഥാർഥ്യമാക്കുന്ന ദുബായുടെ ചരിത്രമാണ് പലരെയും ഈ വിഡിയോ വിശ്വസിക്കാൻ പ്രേരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയും കടലിലെ പാം ഐലന്റും നിർമിച്ച ദുബായിൽ ഇതും സാധ്യമാകുമെന്ന് ജനങ്ങൾ കരുതി. കൂടാതെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലായ ദുബായ് മറീനയിലെ ‘ഗേവോറ’ ഹോട്ടലിനേക്കാളും ഉയരമുള്ള ഒന്നായിരിക്കും ഇതെന്ന വാർത്തകളും പ്രചരിച്ചു. മുൻപും ഇതുപോലെ എമിറേറ്റ്സ് വിമാനം സാന്താക്ലോസിന്റെ വേഷമണിഞ്ഞും മറ്റും എഐ വിഡിയോകൾ ഇതേ പേജിൽ വന്നിട്ടുണ്ട്.
ബുർജ് ഖലീഫയുടെ ചുവട്ടിലെ മഞ്ഞുപാളികൾ, ടൈറ്റാനിക് കപ്പലിന്റെ ആകൃതിയിലുള്ള ഹോട്ടൽ തുടങ്ങി ഒട്ടേറെ ഭാവനാസൃഷ്ടികൾ ഇവർ പങ്കുവയ്ക്കാറുണ്ട്. സങ്കൽപവും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ എഐ സാങ്കേതികവിദ്യ എത്രത്തോളം മായ്ച്ചുകളയുന്നു എന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് ഈ സംഭവം.





