ധാക്ക: ബംഗ്ലദേശിലെ കലാപത്തിനിടെ മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ. ഇടക്കാല സർക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി (32) മരിച്ചതിനെത്തുടർന്നാണ് ബംഗ്ലദേശിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഒരാഴ്ച മുൻപ് തലയ്ക്കു വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചിരുന്നു
ബംഗ്ലദേശിലെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോയുടെയും ഡെയ്‌ലി സ്റ്റാറിന്റെയും ഓഫിസുകളിൽ കലാപകാരികൾ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു. സ്ഥാപനം അടയ്ക്കേണ്ടിവന്നു. ഓൺലൈൻ എഡിഷന്റെ പ്രവർത്തനം 17 മണിക്കൂർ തടസ്സപ്പെട്ടു. 150 കംപ്യൂട്ടറുകളും, പണവും, ജീവനക്കാരുടെ വസ്തുക്കളും കൊള്ളയടിച്ചു. ആദ്യനില മുതൽ മൂന്നാം നിലവരെ ഒന്നും അവശേഷിച്ചില്ലെന്ന് ജീവനക്കാർ പറയുന്നു. ഇത്തരം ആക്രണങ്ങൾ ബംഗ്ലദേശിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഹമ്മദ് യൂനിസ് പറഞ്ഞു. സംഘർഷം നിയന്ത്രിക്കാനായി പൊലീസും സുരക്ഷാസേനകളും ധാക്കയുൾപ്പെടെ ബംഗ്ലദേശിലെ വിവിധ നഗരങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുണ്ട്.





