വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.
ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു.
കഴിഞ്ഞ വർഷവും വയനാട്ടിൽ കടുവ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.വയനാടിൻ്റെ വിവിധ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നാണ് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞത്.കടുവയുടെ കാൽപാട് കണ്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.





