കൊച്ചി: ആലുവ മണപ്പുറത്ത് എത്തിയ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ വടി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി. വടി കൊണ്ട് തലയ്ക്ക് അടിയേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലുവ മണപ്പുറം ദേശം കടവ് ഭാഗത്തു വച്ച് കഴിഞ്ഞ ഒക്ടോബർ 29ന് ആയിരുന്നു സംഭവം.
മണപ്പുറത്ത് എത്തിയ പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായവർ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജി.പി. മനുരാജ്,എസ്.ഐമാരായ എൽദോ പോൾ, വി.ആർ. വിഷ്ണു, എ.എസ്.ഐ. ബി. സുരേഷ്കുമാർ, സി.പി.ഒമരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ,എം.എൽ. ഫയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.





