അഹമ്മദാബാദ്: വെളുത്തുള്ളിയും ഉള്ളിയും കഴിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം അവസാനിച്ചത് വിവാഹ മോചനത്തില്‍. ഭക്ഷണത്തിന്റെ പേരില്‍ ആരംഭിച്ച തര്‍ക്കം ഏറെ നാളായി കോടതിയുടെ പരിഗണനയിലായിരുന്നു. ഒടുവില്‍ ഭാര്യക്കും ഭര്‍ത്താവിനും ഗുജറാത്ത് ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു.
വിശ്വാസത്തിന്റെ ഭാഗമായി ഉള്ളിയും വെളുത്തുള്ളിയും കഴിക്കില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് 2007 മുതല്‍ ഭര്‍ത്താവുമായി സ്ത്രീ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. 2002 ലായിരുന്നു ഇവരുടെ വിവാഹം. പിന്നീടാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കിയത്.
നേരത്തേ കുടുംബ കോടതി അനുവദിച്ച വിവാമോചനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഭക്ഷണത്തിന്റെ പേരിലുള്ള തര്‍ക്കം ദാമ്പത്യം അവസാനിപ്പിക്കാന്‍ തക്ക കാരണമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഭക്ഷണക്രമത്തിലെ വ്യത്യാസം കാരണം വീട്ടിൽ വെവ്വേറെ പാചകം ചെയ്യേണ്ടി വരികയും അത് ദാമ്പത്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ മക്കളുമായി ഭാര്യ സ്വന്തം വീട്ടിലേക്കും പോയി. ഭാര്യയുമായി വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഭര്‍ത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
2002 ലായിരുന്നു ഇവരുടെ വിവാഹം. ആദ്യ നാളുകളില്‍ ഭര്‍ത്താവിന്റെ അമ്മ മരുമകള്‍ക്കായി ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാതെ പ്രത്യേകം പാചകം ചെയ്ത് നല്‍കിയിരുന്നു. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ഇവ രണ്ടും ചേര്‍ത്തുള്ള ഭക്ഷണവും ഉണ്ടാക്കും.
കുടുംബ കോടതി അനുവദിച്ച വിവാഹമോചനത്തെ സ്ത്രീ എതിര്‍ത്തിരുന്നില്ലെന്നും മറിച്ച് ജീവനാംശത്തെ കുറിച്ചുള്ള ആശങ്കയാണ് അറിയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി ശരിവെച്ചത്.
ഉള്ളിയും വെളുത്തുള്ളിയും കാരണം വിവാഹം കഴിഞ്ഞ കാലം മുതല്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് വ്യക്തമാകുന്നത്. ഭാര്യ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഭര്‍ത്താവ് മുമ്പ് അഹമ്മദാബാദിലെ മഹിളാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 2007 ല്‍ ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയത്.
2013 ല്‍ ഭര്‍ത്താവ് അഹമ്മദാബാദ് കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ക്രൂരതയ്ക്ക് ഇരയായെന്നും ഭാര്യ ഉപേക്ഷിച്ചു പോയെന്നും കാണിച്ചായിരുന്നു ഹര്‍ജി. 2024 ലാണ് ഈ ഹര്‍ജിയില്‍ കോടതി വിവാഹമോചനം അനുവദിക്കുന്നത്.
തുടര്‍ന്ന് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും 18 മാസമായി തനിക്ക് ജീവനാംശം ലഭിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ ഭാര്യ അറിയിച്ചു. 13,02,000 രൂപയാണ് ജീവനാംശ തുക. ഇതില്‍ 2,72,000 രൂപ ഇടക്കാല ജീവനാംശമായി ലഭിച്ചിട്ടുണ്ടെന്നും സ്ത്രീ കോടതിയെ ബോധിപ്പിച്ചു. കേസ് നടക്കുമ്പോള്‍ ഭര്‍ത്താവ് 4,27,000 രൂപ നേരത്തെ കെട്ടിവച്ചിരുന്നു.
വിവാഹമോചനം ശരിവെച്ച ഹൈക്കോടതി തുക കൈമാറാന്‍ ഭര്‍ത്താവിന് നിര്‍ദേശം നല്‍കി. ബാക്കി തുക കുടുംബ കോടതിയില്‍ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. ഈ തുക സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.





