‘പുക’, യാത്രക്കാരുമായി പറന്ന വിമാനം വഴിതിരിച്ചു വിട്ടു; അഞ്ച് പേർ ആശുപത്രിയിൽ

0
137

ഓർലാൻഡോ: ഓർലാൻഡോയിൽ നിന്ന് ഫീനിക്സിലേക്ക് പോയ അമേരിക്കൻ എയർലൈൻസ് വിമാനം യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ടു. കോക്‌പിറ്റിലും യാത്രാ കാബിനിലും ‘പുക’ അനുഭവപ്പെട്ടതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരുമായി പറക്കുന്നതിനിടെ  ‘പുക’ അനുഭവപ്പെട്ടതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് രാത്രിയോടെ വിമാനം ഹൂസ്റ്റണിലെ ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

യുഎസിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരു യാത്രക്കാരനും നാല് ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരും ഉൾപ്പെടെ അഞ്ച് പേരെ പരിശോധനകൾക്കും ചികിത്സക്കുമായി ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു.

‘അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2118, നവംബർ 23ന് (ഞായറാഴ്ച) പ്രാദേശിക സമയം രാത്രി ഏകദേശം 7:10ന് ഹൂസ്റ്റണിലെ ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനത്തിന്റെ കോക്‌പിറ്റിലും കാബിനിലും പുക അനുഭവപ്പെട്ടതായി ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു’ – എഫ്എഎ വെബ്‌സൈറ്റിൽ കുറിച്ചു. ഓർലാൻഡോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട എയർബസ് എ321 വിമാനം ഫീനിക്സ് സ്കൈ ഹാർബർ ഇന്റർനാഷണൽ എയർപോർട്ടിലേക്കായിരുന്നു യാത്ര തിരിച്ചതെന്നും എഫ്എഎ കൂട്ടിച്ചേർത്തു.