ദീർഘകാല വിസയുമായി ഗൾഫ് രാജ്യം; പ്രവാസികൾക്ക് തിരിച്ചടിയായി ഫീസ് വർധന

0
199

കുവൈത്ത് സിറ്റി: നിക്ഷേപകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർക്കു പുറമെ കുവൈത്ത് 10,15 വർഷ കാലാവധിയുള്ള വീസ നൽകുന്നു. നിക്ഷേപത്തിന്റെ വ്യാപ്തി അനുസരിച്ചാണു വീസയുടെ കാലപരിധി നിശ്ചയിക്കുക. ഏതൊക്കെ ജോലികൾക്കാണ് ദീർഘകാല വീസ ലഭിക്കുകയെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

വിവിധയിനം വീസകളുടെ ഫീസും വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഡിസംബർ 23ന് നിലവിൽവരും. വീസ റദ്ദാക്കി മടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് 4 മാസത്തിനകം പുതിയ വീസയിൽ വരാനും അനുമതി നൽകി. നിലവിൽ പുതിയ വീസ ലഭിക്കാൻ 6 മാസം വരെ കാത്തിരിക്കണമായിരുന്നു. 

പുതുതായി കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ വിദേശികൾക്ക് കുറഞ്ഞത് 800 ദിനാർ (ഏകദേശം 2,32,000 രൂപ) ശമ്പളം ഉണ്ടായിരിക്കണം. സർക്കാർ സ്ഥാപനങ്ങളിലെ ഗവേഷകർ, പ്രഫസർ, അധ്യാപകർ, സൂപ്പർവൈസർമാർ, മന:ശാസ്ത്ര വിദഗ്ധർ, എൻജിനീയർമാർ, ഇമാം, ഖുർ ആൻ മന:പാഠമാക്കിയവർ, മാധ്യമപ്രവർത്തകർ, കായികമേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ശമ്പള പരിധിയിൽ ഇളവുണ്ട്. ഇപ്പോൾ രാജ്യത്തുള്ളവരുടെ വീസ പുതുക്കുന്നതിന് പുതിയ ശമ്പളനിബന്ധന ബാധകമല്ല.

ജീവിതപങ്കാളി, മക്കൾ എന്നിവരുടെ വീസ പുതുക്കാൻ വർഷത്തിൽ 20 ദിനാറും (ഏകദേശം 5800 രൂപ) മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരുടെ വീസ പുതുക്കാൻ 300 ദിനാർ(ഏകദേശം 87000) വീതവുമാണ് ഫീസ്.