തേജസ് വിമാന ദുരന്തത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന് യുഎഇയുടെ സൈനിക ആദരം

0
93

ദുബായ്: ദുബായ് എയർഷോയ്ക്കിടെയുണ്ടായ തേജസ് വിമാന അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലിന്റെ (32) മൃതദേഹം ഇന്ത്യയിലെത്തിച്ചു.

ഇന്നലെ (ശനി) പ്രത്യേക ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. ഹിമാചൽ പ്രദേശ് കാൻഗ്ര ജില്ല സ്വദേശിയായ വിങ് കമാൻഡർ സ്യാൽ എയർഷോയിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് വിമാനം തകർന്ന് വീണ് മരിച്ചത്.

ആദരസൂചകമായി എമിറേറ്റി ഡിഫൻസ് ഫോഴ്‌സ് സൈനിക ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള അഗാധമായ സൗഹൃദവും ആദരവും പ്രതിഫലിക്കുന്നതായിരുന്നു ഈ ചടങ്ങ്.

ദുബായിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലും കോൺസൽ ജനറൽ സതീഷ് ശിവനും ദുബായിൽ നടന്ന ചടങ്ങിൽ വിങ് കമാൻഡർ സ്യാലിന് അന്ത്യാഞ്ജലി അർപ്പിച്ചു. നടുക്കമുളവാക്കിയ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ  ചടങ്ങിൽ സംബന്ധിച്ചു. വിങ് കമാൻഡർ നമൻഷ് സ്യാലിന്റെ വേർപാടിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം രാജ്യത്തിനായി അചഞ്ചലമായ പ്രതിബദ്ധതയോടെയും അസാധാരണമായ വൈദഗ്ധ്യത്തോടെയും പ്രവർത്തിച്ച ഒരു സമർപ്പിത യുദ്ധവിമാന പൈലറ്റും തികഞ്ഞ പ്രൊഫഷണലുമായിരുന്നു എന്ന് ഐഎഎഫ് പറഞ്ഞു.