വിവാഹത്തിന് നിർബന്ധിച്ചു; 17കാരിയായ പെൺസുഹൃത്തിനെ സൈനികൻ കഴുത്തറുത്ത് കൊന്നു

0
170

ലഖ്നൗ: വിവാഹത്തിന് നിർബന്ധിച്ചതിന് പ്രായപൂർത്തിയാവാത്ത പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാ​ഗ് രാജിൽ നവംബർ 10നാണ് സംഭവം. ദീപക് എന്ന സൈനികനാണ് അറസ്റ്റിലായത്.

ആൺസുഹൃത്ത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അറിഞ്ഞതോടെയാണ് പെൺകുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം നിരസിച്ച സൈനികൻ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. നവംബർ 15നാണ് പെൺകുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തിൽ നിന്ന് കണ്ടെത്തുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നവംബർ 10ന് ദീപക് പെൺകുട്ടിയെ വിളിച്ചുവരുത്തി ബൈക്കിൽ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോവുകയും കത്തി ഉപയോ​ഗിച്ച് കഴുത്തറുത്ത് ശേഷം അവിടെ കുഴിച്ചിടുകയുമായിരുന്നെന്ന് ഗംഗാ നഗർ ഡിസിപി കുൽദീപ് ഗുണവത് പറഞ്ഞു.

നവംബർ 10ന് കന്റോൺമെന്റ് പ്രദേശത്ത് നിന്ന് കൗമാരക്കാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്തു നിന്ന് ഒരു ബാഗ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളുടെ പേരും ഫോൺ നമ്പറും എഴുതിയ ഒരു ബുക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം, തട്ടിക്കൊണ്ടുപോകൽ കേസിൽ കൊലപാതകക്കുറ്റം കൂടി ചേർക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച പൊലീസ് ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.