ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വനിതാഡോക്ടർ കൂടി കസ്റ്റഡിയിൽ. കശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഹരിയാണ സ്വദേശിനിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജമ്മു കശ്മീർ മുതൽ ന്യൂഡൽഹി വരെ നീളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖലയുടെ തെളിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണിത്.
ജമ്മു കശ്മീർ പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം അനന്തനാഗിലെ മലക്നാഗ് പ്രദേശത്തെ വാടകവീട്ടിൽ റെയ്ഡ് നടത്തുകയും റോഹ്തക് സ്വദേശിയായ ഡോ. പ്രിയങ്ക ശർമ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവർ അനന്തനാഗിലെ ജിഎംസിയിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
അനന്തനാഗ് ജിഎംസിയിലെ മുൻ ജീവനക്കാരനായ അദീലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ഭീകരവാദ ശൃംഖലയ്ക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകുന്നവരെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. ഫോൺവിളി വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് വനിതാ ഡോക്റെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി ഹരിയാണയിൽ നിന്നുള്ള ഒരു സംഘം അനന്തനാഗിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കശ്മീരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലും സമാനമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ കശ്മീർ സ്വദേശികളായ 200-ഓളം മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും നിരീക്ഷണത്തിലാണ്.
കശ്മീരി വിദ്യാർഥികൾ പഠിക്കുന്ന കോളേജുകളുമായും സർവകലാശാലകളുമായും ഭീകരവാദ വിരുദ്ധ സ്ക്വാഡ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ കാൺപുർ, ലഖ്നൗ, മീററ്റ്, സഹാറൻപുർ തുടങ്ങിയ നഗരങ്ങളിലെ സ്ഥാപനങ്ങളും സൂക്ഷ്മപരിശോധനയിലാണ്. ഹരിയാണയിലെ അൽ-ഫലാഹ് സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പോലീസ് വെള്ളിയാഴ്ച ധൗജ്, നൂഹ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സംയുക്ത റെയ്ഡുകളിൽ അറസ്റ്റ് ചെയ്തു.





