‘അഡ്മിൻ 123’ തകർത്ത് ഹാക്കർമാർ; ആശുപത്രിയിലെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ

0
29

അഹമ്മദാബാദ്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് വിൽപ്പന നടത്തി. ഗുജറാത്ത് രാജ്കോട്ടിലെ ആശുപത്രിയിൽ ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ചോർന്നത്. സിസിടിവി നെറ്റ്​വർക്കിന്റെ ദുർബലമായ പാസ്‌വേഡും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സൈബർ കുറ്റകൃത്യത്തിലേക്കു നയിച്ചത്.

കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ ഫെബ്രുവരിയിൽ പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. 2024 ജനുവരി മുതൽ ഡിസംബർവരെ ഏകദേശം ഒരു വർഷത്തോളം ദൃശ്യങ്ങൾ ചോർത്തി. ഗുജറാത്ത് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50,000 ൽ അധികം സിസിടിവി ദൃശ്യങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതായി പൊലീസ് പറ‍ഞ്ഞു. 

രാജ്കോട്ടിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങള്‍ ലഭ്യമാണെന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ പ്രചാരണം ഉണ്ടായതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗൈനക്കോളജിസ്റ്റുകൾ സ്ത്രീകളെ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് വിൽപ്പന നടത്തിയത്. 700 രൂപ മുതൽ 4,000 രൂപ വരെ ഈടാക്കിയിരുന്നു. പുണെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ സ്ഥലങ്ങളിലേത് ഉൾപ്പെടെ രാജ്യവ്യാപകമായി ഏകദേശം 80 സിസിടിവി നെറ്റ്​വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആശുപത്രികൾ, സ്കൂളുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവികളാണ് ഹാക്ക് ചെയ്തത്.