ദില്ലി: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിൽ എട്ടുപേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കളക്ടർ അറിയിച്ചു.
സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍, ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഒരേ പാളത്തിലാണ് ഈ ട്രെയിനുകൾ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്.





