തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭയും എൽഡിഎഫും ചർച്ച ചെയ്യാതെയാണ് ഒപ്പിട്ടതെന്നും വീഴ്ച വന്നത് കൊണ്ടാണ് പരിധിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതി ദാരിദ്ര്യമുക്ത സംസ്ഥാനം എന്നത് കേരള വികസനത്തിലെ പുതു അധ്യായമാണ്. ഇതാണ് കേരള ബദല്‍ എന്ന് ആത്മവിശ്വാസത്തോടെ തന്നെ എല്‍ഡിഎഫ് പറയുന്നു. ഈ ബദലാണ് കേരളത്തെ ഈ നിലയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധം ആണെന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചില വിദഗ്ധരും രാഷ്ട്രീയ പാര്‍ട്ടികളും പ്രഖ്യാപനത്തെ വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് കേരളത്തെ മാറ്റാന്‍ കഴിഞ്ഞത്. ചിലര്‍ കരുതുന്നത് ഇന്നലെയാണ് അത് ചെയ്തതെന്നാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചത്.
പ്രതിപക്ഷ നേതാവും ചില വിദഗ്ധരും വിചാരിക്കുന്നത് ഇന്നലെ സാധിച്ചു എന്നാണ്. ഇഎംഎസിന്റെ കാലം മുതല്‍ നടന്ന ഫലപ്രദമായ ഇടപെടലിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
നാലര വർഷമായി പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയപ്പോഴൊന്നും ആരും ഒന്നും പറഞ്ഞില്ല. ലോക ശ്രദ്ധ ആകർഷിക്കുന്ന നിലയിൽ വന്നപ്പോഴാണ് വി.ഡി സതീശനും സംഘവും തട്ടിപ്പെന്ന് പറയുന്നത്. ലീഗും കോൺഗ്രസും ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്ന് പറയട്ടെ. പ്രതിപക്ഷ നേതാവ് ആളുകളെ വിഡ്ഢികളാക്കുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.





