തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; തമിഴ്നാട് സുപ്രീം കോടതിയിലേക്ക്, എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ഹര്‍ജി നൽകും

0
28

ചെന്നൈ: രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നൽകും. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കി. ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല.

അതേസമയം, ബംഗാളിലെ തീവ്രവോട്ടർ പട്ടികപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന ആവശ്യവുമായി താഴെത്തട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. വീടുകൾ തോറും ഉള്ള വിവരശേഖരണത്തിന് സുരക്ഷ വേണം. പരിശീലന പരിപാടിയിൽ ബൂത്ത് ലൈവൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്.

വിവരശേഖരണത്തിനിടെ നടക്കുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുമെന്ന് സംസ്ഥാന കമ്മീഷൻ വ്യക്തമാക്കി.അതെസമയം ഈ മാസം നാലിന് എസ്ഐആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ റാലി നടത്തും.