ജിദ്ദ: പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ‘തൃപ്തി’ ഇരുപതാം വാർഷികം സമുചിതമായി ആഘോഷിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ആഘോഷ പരിപാടി ഒ ഐ സി സി പ്രസിഡന്റ് ശങ്കർ ഉണ്ണി എളങ്കൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് സുനിൽ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു.

ഇരുപതാം വാർഷികോപഹരമായ “ഋതു” നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം കഥാകൃത്ത് റുബീന നിവാസിന് നൽകി പ്രകാശനം ചെയ്തു. തൃപ്തിയുടെ ഇന്നലെകളെക്കുറിച്ച് അനിൽ നാരായണയും ഉപഹാരത്തേക്കുറിച്ച് ഹംസ മദാരിയും സംസാരിച്ചു.

അമൽ അനിൽ നാരായണ സാക്ഷാൽക്കാരം നിർവഹിച്ച ‘ഋതു’ എന്ന നൃത്ത ശിൽപ്പം സ്മൃതി സജി, അനഘ അനിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ഷെല്ല ദിൽഷാദ്, പ്രതിക് ബാജി എന്നിവർ കവിത അവതരിപ്പിച്ചു. അതിഥികളായി പങ്കെടുത്ത മിർസ ശരീഫ്, ബൈജു ദാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
എഴുത്തുകാരായ കാളിദാസ് പുതുമന, ഗോപി നെടുങ്ങാടി, ഉസ്മാൻ ഇരുമ്പുഴി, പി. മുരളി, അബു ഇരിങ്ങാട്ടിരി, ഡോ. വിനീത പിള്ള, അരുവി മോങ്ങം എന്നിവരും തൃപ്തി മുൻ ഭാരവാഹികളായ മുരളി തച്ചൻകോട്, വിജയ രാഘവൻ, സി. പി ബാബു, അനന്ത കൃഷ്ണൻ, മാഗസിൻ കമ്മിറ്റി അംഗങ്ങളായ ഷെൽന വിജയ്, സജ്ന റസാഖ്, ലൗലി സജി, ഹരി കൊഴവല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബൈജു ദാസിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രിയ രാജേഷ് അവതാരകയായിരുന്നു. സുജിത് നമ്പ്യാർ, സജി പണിക്കർ എന്നിവർ പരിപാടി നിയന്ത്രിച്ചു. ദിൽഷാദ് കൂളത്ത് നന്ദി പറഞ്ഞു.




