ഇസ്റാഈൽ നൽകിയ പലസ്തീൻകാരുടെ മൃതദേഹങ്ങളിൽ പീ‍ഡനത്തിന്റെയും വധശിക്ഷയുടേയും ലക്ഷണങ്ങൾ

0
13

ഗാസ: ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാറിനു കീഴിൽ ഇസ്രായേൽ അധികൃതർ ഗാസയിലേക്ക് തിരിച്ചയച്ച 90 പലസ്തീനികളുടെ മൃതദേഹങ്ങളിൽ പലതിലും പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ.

കണ്ണുകെട്ടിയതും, കൈകൾ കെട്ടിയതും, തലയിൽ വെടിയേറ്റതുമായ മുറിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ ഡോക്ടർമാർ വിശദമാക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ധാരണയുടെ ഭാഗമായി യുദ്ധത്തിനിടെ മരിച്ച ചില ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു. പോരാട്ടത്തിൽ കൊല്ലപ്പെട്ട 45 പലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറിയത്. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) വഴിയായിരുന്നു ഈ കൈമാറ്റം നടന്നത്.

മിക്കവാറും എല്ലാവരുടെയും കണ്ണുകൾ കെട്ടിയിരുന്നു, ബന്ധിക്കപ്പെട്ടിരുന്നു, കണ്ണുകൾക്കിടയിൽ വെടിയേറ്റിരുന്നു. മിക്കവാറും എല്ലാവരെയും വധിച്ചിരുന്നുവെന്നാണ് നാസർ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ-ഫറ ദി ഗാർഡിയനോട് വിശദമാക്കിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് അവരെ മർദ്ദിച്ചതായി കാണിക്കുന്ന പാടുകളും ചർമ്മത്തിന്റെ നിറം മങ്ങിയ പാടുകളും മൃതദേഹങ്ങളിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടതിനുശേഷം അവരുടെ മൃതദേഹങ്ങൾ പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെന്നാണ് ദി ഗാർഡിയനിലെ റിപ്പോർട്ട് വിശദമാക്കുന്നത്.

തിരിച്ചറിയൽ രേഖകൾ ഇല്ലാതെയാണ് ഇസ്രായേലി അധികൃതർ മൃതദേഹങ്ങൾ കൈമാറിയതെന്നും, രണ്ട് വർഷത്തെ യുദ്ധത്തിൽ കനത്ത ബോംബാക്രമണം നടന്ന ഗാസയിലെ ആശുപത്രികൾക്ക് ഡിഎൻഎ വിശകലനം നടത്താൻ യാതൊരു മാർഗവുമില്ലെന്നും ഫറ കൂട്ടിച്ചേർത്തു. മരിച്ചത് ആരാണെന്ന് ഇസ്രയേലിന് അറിയാം. എന്നാൽ അത് തിരിച്ചറിയാൻ കൂടുതൽ കഷ്ടപ്പെടണനമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും ഡോ. അഹമ്മദ് അൽ-ഫറ വിശദീകരിക്കുന്നത്.