എടിഎം മെഷീനിൽ പശ തേച്ച് കാർ‌ഡ് തടസ്സപ്പെടുത്തി പണം തട്ടി, 2 പേർ അറസ്റ്റിൽ

0
23

ന്യൂഡൽഹി: എടിഎം മെഷീനിൽ പശ തേച്ച് കാർ‌ഡ് തടസ്സപ്പെടുത്തി പണം തട്ടിയ 2 പേർ അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ നെബ് സരായ് സ്വദേശികളായ റൗഷൻ കുമാർ (23), പിന്റു കുമാർ (32) എന്നിവരാണു പിടിയിലായത്.

ഡൽഹിയിലുടനീളമുള്ള വിവിധ എടിഎമ്മുകളിൽ 50ലധികം തട്ടിപ്പ് ഇവർ നടത്തി. ഇതുവരെ 9 ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, നാല് എഫ്‌ഐആറുകളും അഞ്ച് പരാതികളും പ്രതികൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

എടിഎം കാർഡ് സ്ലോട്ടിൽ പശയോ ഫെവിസ്റ്റിക്കോ പ്രയോഗിച്ച് ഉപഭോക്താക്കളുടെ കാർഡുകൾ കുടുക്കുകയാണു പ്രതികൾ ചെയ്തിരുന്നത്. തുടർന്ന് എടിഎമ്മിനു സമീപം വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിക്കും. ഇരകൾ നമ്പറിൽ വിളിക്കുമ്പോൾ, പ്രതികളിൽ ഒരാൾ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന മറുപടി നൽകും.

മറ്റൊരാൾ ഉപഭോക്താവ് നൽകിയ പിൻ നമ്പർ മനഃപാഠമാക്കും. ഇര പോയതിനുശേഷം, കുടുങ്ങിയ കാർഡ് പുറത്തെടുത്തു ലഭിച്ച പിൻ ഉപയോഗിച്ചു പണം പിൻവലിക്കുന്നതാണു തട്ടിപ്പ് രീതിയെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതികളെ തിരിച്ചറിഞ്ഞത്.