റിയാദ്: ഇഖാമയുടെ കീഴിലുള്ള ബാങ്ക് അകൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് കണ്ടെത്തിയതിനെ തുടർന്ന് മലയാളിക്കെതിരെ കേസ്. മക്കയിൽ ഹറമിന് സമീപം ബ്രോസ്റ്റഡ് കടയിൽ ജീവനക്കാരനായ കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ് മുഹമ്മദിനെതിരെയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുച്ഛവരുമാനക്കാരനായ ഇദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ടിലൂടെ നടന്ന ലക്ഷക്കണക്കിന് റിയാലിന്റെ ഇടപാടുകളാണ് കുരുക്ക് വീഴ്ത്തിയത്. ചെറിയ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക ചിന്തിക്കാൻ പോലും കഴിയാത്തതാണന്നും തന്നെ ആരോ ചതിയിൽ പെടുത്തിയതാണെന്നുമാണ് യുവാവിന്റെ പ്രതികരണം.
സുഖമില്ലാത്ത ഉമ്മയെ കാണാൻ നാട്ടിൽ പോകാൻ തയാറെടുക്കുേമ്പാഴാണ് യാത്രാവിലക്കുള്ള കാര്യം ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ പേരിൽ വൻ തുക അയച്ചതായി കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ദമാമിലെ ഷിമാലിയ പൊലീസ് സ്റ്റേഷനിൽ ഹാജരാനാകാനായിരുന്നു സ്പോൺസറുടെ നിർദേശം. തുടർന്ന് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ ദമാമിലെ നന്മ അദാലത്തിെൻറ സംഘാടകരായ ഹമീദ് വടകരയുടേയും ഷാജി മതിലകത്തിേൻറയും സഹായം തേടുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അൽ ഇന്മ ബാങ്കിൽ ആഷിഖിന്റെ ഇഖാമ നമ്പരിൽ എടുത്തിട്ടുള്ള അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാൽ ഇടപാട് നടത്തിയതായി കണ്ടെത്തിയത്. എന്നാൽ നാഷനൽ കോമേഴ്സ് ബാങ്കിെൻറ (എൻ.സി.ബി) ക്വിക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്കിലും തനിക്ക് അക്കൗണ്ട് ഇല്ലെന്ന് ഇദ്ദേഹം പോലീസിനോട് വ്യക്തമാക്കി. തുടർന്ന്
ഷാജി മതിലകത്തിെൻറ ജാമ്യത്തിൽ താൽക്കാലികമായി കേസ് ഒഴിവാക്കിയിരിക്കുകയാണ്. നാട്ടിൽ പോകാൻ വീണ്ടും റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കുേമ്പാൾ ദമാം റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് കൂടി ഉണ്ടെന്ന് കണ്ടെത്തി.
അവിടെയെത്തിയപ്പോൾ ഇതേ ഇഖാമ നമ്പരിൽ മറ്റൊരു അക്കൗണ്ട് വഴി പണം അയച്ചതായാണ് കേസ്. കൂടുതൽ അന്വേഷണത്തിൽ അവിടെ നൽകിയിരിക്കുന്ന ഫോൺ നമ്പർ ആഷിഖിെൻറ പേരിലുള്ളതല്ലെന്ന് കണ്ടെത്തി. ഇഖാമ കോപ്പി ദുരുപയോഗം ചെയ്തതാണന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
ആഷിഖിെൻറ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടി വരും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. നാട്ടിൽ പോയി രോഗിയായ ഉമ്മയെ കണ്ട് മടങ്ങിവരാൻ താൽക്കാലികമായി യാത്രാവിലക്ക് മാത്രമാണ് ഇപ്പോൾ നീക്കി കൊടുത്തിരിക്കുന്നത്. പലപ്പോഴായി ഇത്തരത്തിലുള്ള കേസുകൾ ഉയർന്നു വരുന്നത് പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഉണർത്തുന്നത്. സ്വന്തം ഇഖാമയുടെ പേരിൽ അനധികൃത സിം കാർഡുകളും അകൗണ്ടുകളും ഇല്ലെന്ന് സദാ സമയവും ഉറപ്പ് വരുത്തൽ അത്യാവശ്യമായി വന്നിരിക്കുകയാണ്.




