റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക് സ്വർണം; യുഎഇയിൽ പുതിയ ചരിത്രനേട്ടം

0
107

ദുബായ്: ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നതോടെ യുഎഇയിലും സ്വർണത്തിന് വീണ്ടും റെക്കോർഡ് വില. ഇന്ന് (തിങ്കൾ) രാവിലെയാണ് ഗ്രാമിന് മൂന്ന് ദിർഹം വർധനയോടെ പുതിയ ചരിത്രനേട്ടം രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 22-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 422.75 ദിർഹമായും 24-കാരറ്റ് സ്വർണത്തിന് 456.75 ദിർഹമായുമാണ് വില ഉയർന്നത്.

കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 24കാരറ്റ് സ്വർണത്തിന്റെ 452.25 ദിർഹം, 22കാരറ്റ് സ്വർണത്തിന്റെ 418.75 ദിർഹം എന്ന റെക്കോഡുകളാണ് ഇതോടെ പഴങ്കഥയായത്. ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3,798.73 ഡോളറിലേയ്ക്ക് കുതിച്ചുയർന്നു.

ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ശക്തമായ ഡിമാൻഡുമാണ് സ്വർണവിലയെ പുതിയ ഉയരങ്ങളിലേയ്ക്ക് എത്തിച്ചത്. ഇത് തുടർച്ചയായ ആറാമത്തെ ആഴ്ചയാണ് സ്വർണവില മുന്നേറ്റം രേഖപ്പെടുത്തുന്നത്. വില വർധനവിന് പ്രധാന കാരണം യുഎസിലെ സാമ്പത്തിക അനിശ്ചിതത്വമാണ്. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ സാധ്യതയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് നിലവിലെ മുന്നേറ്റത്തിന് ഒരു കാരണം. 

അനിശ്ചിതത്വ സമയങ്ങളിൽ സുരക്ഷിത നിക്ഷേപമായി യുഎഇ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് പതിവാണ്. നിലവിലെ വിലവർധനവ് ചിലർ വിൽക്കാനുള്ള അവസരമായി കാണുമ്പോൾ കൂടുതൽ വർധനവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരും ഉണ്ട്.