കണ്ണൂർ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെറുപുഴ കാക്കേഞ്ചാലിലെ കെ.പി. റബീലിനെയാണ് (30) ചെറുപുഴ പൊലീസ് മൈസൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി 4 വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും പല തവണയായി 7 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്‌തുവെന്നാണ് പരാതി.
വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം റിസോർട്ടുകളിലും മറ്റിടങ്ങളിലും എത്തിച്ച് യുവാവ് പീഡിപ്പിച്ചെന്നാണു പരാതി. അടുത്തിടെ മറ്റൊരു യുവതിയുമായി റബീലിന്റെ വിവാഹം നിശ്ചയിച്ചതോടെയാണു യുവതി പരാതിയുമായി രംഗത്തെത്തിയത്. ലഹരി കൈവശം വച്ചതിന് ബെംഗളൂരുവിലും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.





