റിയാദ്: കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം എ. സലാം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൂപ്പർ കപ്പ് ഫുട്ബോൾ വിജയിപ്പിക്കുന്നതിന് വേണ്ടി പരിശ്രമിച്ച പ്രവർത്തകർക്ക് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു അധ്യക്ഷത വഹിച്ചു.
ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട്. ആഭ്യന്തരം തികഞ്ഞ പരാജയമാണെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നു. പോലീസ് സംവിധാനം നാഥനില്ലാത്ത കളരിയായി മാറിയിട്ടുണ്ട്. മനുഷ്യത്വ വിരുദ്ധമായ നിലപാടാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. സർക്കാറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങൾക്കുണ്ട്. സമീപ കാലത്ത് നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ യു ഡി എഫിനുണ്ടായ വിജയവും വലിയ ഭൂരിപക്ഷവും അതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ ദുരന്ത ബാധിതരായ മനുഷ്യർക്ക് വേണ്ടി മുസ്ലിം ലീഗ് നടത്തിയ ശ്രമങ്ങൾ സമാനതകളില്ലാത്തതാണ്. ദുരന്തമുണ്ടായ നിമിഷം മുതൽ പാർട്ടി വയനാട്ടിലെ ജനങ്ങളുടെ കൂടെയുണ്ട്. അടിയന്തര സഹായം മുതൽ വാഹനവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്ക് ലീഗ് നൽകിയ സഹായങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴും ചികിത്സ സഹായം തൊട്ട് വിദ്യാഭ്യാസ സഹായം വരെ മുസ്ലിം ലീഗ് മുൻകൈ എടുത്ത് നൽകിവരുന്നു. നൂറ്റിയഞ്ച് കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്ത് മനോഹരമായ വീടുകൾ നിർമിച്ചു കൊടുക്കയാണ്. അതിന്റെ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. അത് തടയിടുവാനുള്ള ശ്രമങ്ങൾ ഇപ്പോഴും പല കോണുകളിൽ നിന്ന് നടക്കുന്നുണ്ട്.
എന്നാൽ സർക്കാർ പാവപ്പെട്ട വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരത മാപ്പർഹിക്കാത്തതാണ്.
കോടിക്കണക്കിന് രൂപ ജനം നൽകിയിട്ടും ക്രിയാത്മകമായ ഒരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സലാം കൂട്ടിചേർത്തു.
രാജ്യസഭ അംഗവും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. രാജ്യത്തെ അപകടപ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് ഫാസിസ്റ്റ് സർക്കാറിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. ബീഹാറിലുൾപ്പടെ നടന്നിട്ടുള്ള ഹീനമായ നീക്കങ്ങൾ അപലപിക്കേണ്ടതാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.
കേരളത്തിൽ വെള്ളാപ്പള്ളി നടത്തുന്ന വർഗീയ പ്രസ്താവനകൾക്ക് ഒരു വിധ അടിസ്ഥാനവുമില്ലെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കുവാൻ കഴിയും. ഉദ്യോഗതലങ്ങളിൽ ഉൾപ്പടെ മുസ്ലിം ന്യൂനപക്ഷ സമൂഹം ഇപ്പോഴും ഏറെ പിറകിലാണ്. സംവരണത്തിൽ വെള്ളം ചേർത്ത് അവകാശപ്പെട്ടത് കൂടി കവർന്നെടുക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും ഹാരിസ് ബീരാൻ കൂട്ടിച്ചേർത്തു.
ഫുട്ബോൾ ടൂർണമെന്റ് വിജയിപ്പിക്കുവാൻ പ്രവർത്തിച്ച സെൻട്രൽ കമ്മിറ്റി വളണ്ടിയർ വിഭാഗമായ സ്കോപ്, ടൂർണമെന്റ് ടെക്നിക്കൽ ടീം, മീഡിയ ടീം, ഗ്രൗണ്ട് ഇൻ ചാർജ് ടീം തുടങ്ങിയവർക്കുള്ള ഉപഹാരങ്ങളും അനുമോദന പത്രവും നേതാക്കൾ കൈമാറി.
പ്രമുഖ പത്ര പ്രവര്ത്തകനും സ്പോർട്സ് ലേഖകനുമായ കമാൽ വരദൂർ, സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, അബ്ദുല്ല വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി സ്പോർട്സ് വിംഗ് ചെയർമാൻ മുജീബ് ഉപ്പട, കൺവീനർ മൊയ്തീൻ കുട്ടി പൊന്മള, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മൽ, പി. സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, ഷാഫി മാസ്റ്റർ തുവ്വൂർ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി , കെ. കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.