മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, ഇവരാണ് ബഹുഭാര്യത്വം എതിർക്കുന്നത്; വിവാദ പ്രസ്താവനയുമായി ഡോ. ബഹാവുദ്ദീൻ നദ്‌വി

0
29

മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ടെന്ന വിവാദ പ്രസ്താവനയുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി. പലർക്കും വൈഫ് ഇൻ ചാർജുമാരുണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാര്യത്വത്തെ എതിർക്കുന്നത് എന്നുമായിരുന്നു നദ്‌വിയുടെ പ്രസ്താവന. മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ അമ്മ പതിനൊന്നാം വയസിലാണ് വിവാഹം ചെയ്തതെന്നും ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു.

“കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേതാവായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. ഇഎംഎസിൻ്റെ അമ്മയുടെ വിവാഹം അവർക്ക് പതിനൊന്ന് വയസുള്ളപ്പോഴാണ്. ഇത് 21ാം നൂറ്റാണ്ടാണ്, 20ാം നൂറ്റാണ്ടിൽ നടന്ന സംഭവമാണിത്. 11ാം വയസിൽ വിവാഹിത ആയതിൻ്റെ പേരിൽ ഇഎംഎസിൻ്റെ മാതാവിനെ ആരെങ്കിലും ഇകഴ്ത്തുകയോ പരിഹസിക്കുകയോ ചെയ്യാറുണ്ടോ? ഇത് ഇഎംഎസിൻ്റെ മാതാവിൻ്റെ മാത്രം കാര്യമല്ല.

പലരുടെയും കാര്യം ഇതാണ്. പിന്നെ ബഹുഭാര്യത്വത്തിൻ്റെ കാര്യത്തിൽ, നമ്മുടെ നാട്ടിൽ മാന്യരായി നടക്കുന്ന മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഒക്കെ ഒരു ഭാര്യയും വേറെ ഇൻ ചാർജ് ഭാര്യയും ഉണ്ടാകും. അതില്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാകില്ല. ഇവർ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണ്. ഇവരാണ് ബഹുഭാര്യത്വം എതിർക്കുന്നത്,” ഇങ്ങനെയായിരുന്നു ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ പ്രസ്താവന.