ടി. സിദ്ദീഖിന് കോഴിക്കോടും വയനാടും വോട്ട്; ഇരട്ട വോട്ട് ആരോപണവുമായി സിപിഐഎം

0
12

ടി. സിദ്ദീഖ് എംഎല്‍എയ്‌ക്കെതിരെ ഇരട്ടവോട്ട് ആരോപണവുമായി വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. ടി സിദ്ദീഖിന് പെരുമണ്ണ പഞ്ചായത്തിലും വയനാട് ജില്ലയിലെ കല്‍പ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നാണ് റഫീഖിന്റെ ആരോപണം.

ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്, കള്ളവോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടര്‍ പട്ടികയുടെ തെളിവുകളടക്കം പങ്കുവെച്ചുകൊണ്ടാണ് റഫീഖിന്റെ കുറിപ്പ്.

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാര്‍ഡായ പന്നിയൂര്‍കുളത്ത് ക്രമനമ്പര്‍ 480ല്‍ ടി സിദ്ദീഖ് ഉള്‍പ്പെട്ടിട്ടുണ്ട്. വയനാട് കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷന്‍ 25 ഓണവയലില്‍ ക്രമ നമ്പര്‍ 799 ലും അദ്ദേഹത്തിന് വോട്ടുണ്ടെന്നാണ് ആരോപണം.

ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്, കള്ളവോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്,’ റഫീഖ് കുറിച്ചു.

ജനപ്രതിനിധിയായിട്ടുള്ള ഒരാള്‍ ഇത്തരം പ്രവൃത്തി ചെയ്യുമ്പോള്‍ അത് ജനശ്രദ്ധയില്‍ കൊണ്ടു വരിക എന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ഈ വിഷയം ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിന് സഹായിക്കുന്ന നടപടിയാണെന്ന് കെ. റഫീഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനെ ഒരു അബദ്ധമായി കണക്കാക്കാന്‍ കഴിയില്ല. അവിടെ വോട്ട് ഉണ്ടായിരിക്കെ ഇവിടെ ചേര്‍ത്തതാണ്. രണ്ട് സ്ഥലത്തും പട്ടികയില്‍ വന്നതല്ല. കൂട്ടിച്ചേര്‍ക്കപ്പെട്ട പട്ടിക എന്ന വിഭാഗത്തിലാണ് വയനാട് ടി സിദ്ദീഖിന്റെ പേരുള്ളത്.

ഇപ്പോള്‍ വന്നത് അന്തിമ പട്ടികയാണ്. രണ്ടാം തീയതിക്കുള്ളില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരം ഉണ്ടായിരുന്നു. അത് ചെയ്തിട്ടില്ല. രണ്ട് ലിസ്റ്റിലും പേരുണ്ട് എന്നത് ഗുരുതരമായ പ്രശ്‌നം തന്നെയാണെന്നും റഫീഖ് ആരോപിച്ചു.