പുരോഹിതന്റെ വേഷത്തിലെത്തി മോഷണം; നഷ്ടമായത് വജ്രങ്ങളും മരതകവും പതിപ്പിച്ച സ്വര്‍ണക്കുടം അടക്കം 1.5 കോടിയുടെ വസ്തുക്കള്‍

0
19

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപം ജൈനമത വിശ്വാസികളുടെ പരിപാടിക്കിടെ ഒന്നര കോടി രൂപ വില വരുന്ന സ്വര്‍ണ ജലകുംഭങ്ങളും (കലശം) മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതനായി എത്തിയാണ് മോഷ്ടാവ് കളവ് നടത്തിയത്. മോഷണത്തിന്റെ സിസിടിവി വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

മോഷ്ടാവിനെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സ്വര്‍ണ കലശം, 760 ഗ്രാം വരുന്ന സ്വര്‍ണ നാളികേരം, വജ്രങ്ങളും മരതകവും മാണിക്യവും പതിച്ച 115 ഗ്രാമുള്ള സ്വര്‍ണ കലശം എന്നിവയടക്കമാണ് മോഷ്ടിക്കപ്പെട്ടത്.

ഡല്‍ഹിയില്‍ കത്തിക്കുത്ത്, നെഞ്ചില്‍ കത്തിയുമായി 15കാരന്‍ പൊലീസ് സ്റ്റേഷനില്‍ ; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റില്‍
വ്യവസായിയായ സുധീര്‍ ജെയിനിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിക്കപ്പെട്ട വസ്തുക്കളെല്ലാം. എല്ലാ ദിവസവും ചടങ്ങുകള്‍ക്കായി ഈ വിലകൂടിയ വസ്തുക്കളുമായാണ് അദ്ദേഹം ക്ഷേത്രത്തിലെത്താറ്. ചെങ്കോട്ട വളപ്പിലെ ഓഗസ്റ്റ് പാര്‍ക്കില്‍ നടക്കുന്ന ജൈന മതചടങ്ങായ ദശലക്ഷന്‍ മഹാപര്‍വിനിടെയാണ് മോഷണം നടന്നത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങാണിത്. ബുധനാഴ്ചയാണ് മോഷണം നടന്നത്.

സംഘാടകര്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് തിരിക്കിനിടയിലൂടെ കയറി മോഷ്ടാവ് വിലകൂടിയ വസ്തുക്കള്‍ കവര്‍ന്നത്. ചടങ്ങുകള്‍ ആരംഭിക്കാനിരിക്കേയാണ് വസ്തുക്കള്‍ നഷ്ടമായെന്ന് സംഘാടകര്‍ അറിയുന്നത്.