മകന്റെ വീടിന്റെ പാലുകാച്ചൽ ദിവസം അച്ഛനെ കാത്തിരുന്നത് ഭാഗ്യപ്പെരുമഴ; ഓണസമ്മാനമായി ലഭിച്ചത് 1 കോടി രൂപ

0
27

പാലക്കാട്: മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ അച്ഛന് കേരള ലോട്ടറി ഒന്നാം സമ്മാനമായി ലഭിച്ചു. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയലിൽ കൃഷ്ണൻ കുട്ടിയെ തേടിയാണ് സമൃദ്ധി ഭാഗ്യക്കുറി ഒരു കോടി ഓണസമ്മാനമായി എത്തിയത്. കേൾവി-സംസാര പരിമിതിയുള്ള ആളാണ് കൃഷ്ണൻ കുട്ടി.

കഴിഞ്ഞ ദിവസം നറുക്കെടുത്ത ലോട്ടറിയിലൂടെയാണ് ഈ ഭാഗ്യമെത്തിയത്. കൂലിപ്പണിക്കാരനാണ് കൃഷ്ണൻ കുട്ടി. തുച്ഛമായ വരുമാനം ലഭിക്കുന്നയാളായിട്ട് പോലും പല ദിവസങ്ങളിലും ഇദ്ദേഹം മൂന്നോ നാലോ വീതം ലോട്ടറിയാണ് എടുക്കാറുള്ളത്. ഇതിനു മുൻപും ചെറിയ സമ്മാനങ്ങളുടെ രൂപത്തിൽ ഭാഗ്യം കൃഷ്ണൻ കുട്ടിയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഒന്നാം സമ്മാനമടിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച പെരിമ്പടാരിയിലെ ലോട്ടറി കച്ചവടക്കാരൻ മാമ്പറ്റ അബ്ദുവിൽ നിന്നുമാണ് കൃഷ്ണൻ കുട്ടി ടിക്കറ്റെടുത്തത്. MV122462 എന്ന ടിക്കറ്റാണ് ഇദ്ദേഹം എടുത്തത്. ഭാര്യയും മൂന്നു മക്കളുമാണ് കൃഷ്ണൻകുട്ടിക്കുള്ളത്. ഇതിൽ മൂത്ത മകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ആഘോഷങ്ങൾക്കിടെ ലോട്ടറി വിൽപനക്കാരൻ തന്നെയാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. തുടർന്ന് ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ഏൽപ്പിച്ചിട്ടുണ്ട്.