കോട്ടയം: സംസ്ഥാനത്ത് 5 വർഷത്തിനിടെ പിടിയിലായതു 39 വ്യാജ ഡോക്ടർമാർ. കീഹോൾ സർജറിയും ഓപ്പൺ സർജറിയും നടത്തിയവരും 7 വർഷത്തിലേറെ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
‘സ്വന്തം ക്ലിനിക്കി’ൽ നിന്നു പിടിയിലായവർ വേറെ. സംസ്ഥാന മെഡിക്കൽ കൗൺസിലിലും ക്രൈം റെക്കോർഡ്സ് ബ്യൂറോയിലുമാണ് ഈ വിവരങ്ങളുള്ളത്. 2020 ജനുവരി മുതൽ 2025 ജൂൺ വരെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ‘ജോലി ചെയ്തവരുടെ’ കണക്കാണിത്.
മോഡേൺ മെഡിസിൻ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ഹോമിയോപ്പതിക് മെഡിസിൻ വ്യാജ സർട്ടിഫിക്കറ്റുകളുമായാണു ‘ഡോക്ടർമാർ’ രോഗികളെ പരിശോധിച്ചിരുന്നതെന്നു രേഖകൾ വ്യക്തമാക്കുന്നു. ചികിത്സ ഫലിക്കാതെ സംശയം തോന്നി രോഗികൾ പരാതിപ്പെട്ടതോടെയാണു കൂടുതൽ പേരും പിടിക്കപ്പെട്ടത്.
പത്താം ക്ലാസും പ്രീഡിഗ്രിയും മാത്രമാണു ചിലരുടെ യോഗ്യത.വിദേശത്തു മെഡിസിൻ കോഴ്സിനു ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ പ്രാക്ടിസ് തുടങ്ങിയ വ്യക്തിയുമുണ്ട്. സ്വകാര്യ ആശുപത്രിയിൽ റസിഡന്റ് മെഡിക്കൽ ഓഫിസറായി പ്രവർത്തിച്ചയാൾ കുടുങ്ങിയത്, കീഹോൾ സർജറിയും ഓപ്പൺ സർജറിയും പരാജയപ്പെട്ടപ്പോഴാണ്.
ഒരു താലൂക്കാശുപത്രിയിൽ തുടർച്ചയായി 7 വർഷം ഗൈനക്കോളജിസ്റ്റായിരുന്ന ലേഡി ഡോക്ടറെ, ഒരു കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണു പിടികൂടിയത്. എംബിബിഎസ് ബിരുദം ഉണ്ടായിരുന്ന ഇവർ ജോലിയിൽ കയറിയ ശേഷം ഡിപ്ലോമ ഇൻ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ (ഡിജിഒ) വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു ഗൈനക്കോളജിസ്റ്റായി നിയമനം നേടിയത്. ഹോമിയോപ്പതിയിലും 2 വ്യാജ ഡോക്ടർമാർ പിടിയിലായി. ഇത്രയധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടും വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്താൻ പക്ഷേ, പൊലീസിനു കഴിഞ്ഞിട്ടുമില്ല.