‘അത്യാവശ്യമായി 40,000 രൂപ വേണം’: വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ചു, എസ്പിയുടെ പേരിൽ പണം തട്ടാൻ ശ്രമം

0
10

കൊല്ലം: റൂറൽ എസ്പിയുടെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. എസ്പി ടി.കെ.വിഷ്ണു പ്രദീപിന്റെ പേരിലാണ് തട്ടിപ്പിനു ശ്രമം നടന്നത്. എസ്പിയുടെ വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് പൊലീസുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. എസ്പിയുടെ പ്രൊഫൈൽ ചിത്രമുള്ള വാട്സാപ് നമ്പരിൽനിന്നാണ് പൊലീസുകാർക്ക് സന്ദേശമെത്തിയത്. 

അത്യാവശ്യമായി 40,000 രൂപ വേണമെന്നും ഉടനെ തിരിച്ചു നൽകാമെന്നുമായിരുന്നു ‘എസ്പിയുടെ’ സന്ദേശം. പണം കൈമാറാൻ അക്കൗണ്ട് വിവരങ്ങളും നൽകി. പൊലീസുകാർ മുതിർന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചു. അവർ റൂറൽ എസ്പിയുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. അക്കൗണ്ട് നേപ്പാളിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വാട്സാപിൽനിന്നു വിവരങ്ങൾ തേടി.