ഗാന്ധിനഗർ: പശുവിനെ ഗുജറാത്തിന്റെ ‘രാജ്യമാതാവായി’ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് എംപി ഗെനി ബെൻ ഠാക്കോർ. ഈ ആവശ്യം ഉന്നയിച്ച് ഗെനി ബെൻ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്ത് നൽകി. സംസ്ഥാനത്തുനിന്നുള്ള ഏക കോൺഗ്രസ് എംപിയാണ് ഗെനി ബെൻ നാഗാജി ഠാക്കോർ.
മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജനങ്ങൾ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നതെന്നും ഗെനി ബെൻ പറഞ്ഞു. 2024 സെപ്റ്റംബറിൽ മഹാരാഷ്ട്ര സർക്കാർ പശുക്കളെ സംസ്ഥാനത്തിന്റെ ‘രാജ്യമാതാവായി’ പ്രഖ്യാപിച്ചിരുന്നു. സമാനമായ രീതിയിൽ ഗുജറാത്തും പ്രഖ്യാപനം നടത്തണമെന്നാണ് ഗെനി ബെൻ ആവശ്യപ്പെടുന്നത്.
ഗുജറാത്തിന്റെ രാജ്യ മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക മത നേതാവ് മഹന്ത് ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതൽ നിരാഹാര സമരം നടത്തുകയാണ്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഗെനി ബെൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് മഹന്ത് ദേവനാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാർക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്ന് കോൺഗ്രസ് എംപി വ്യക്തമാക്കി.
ബനാസ്കന്ത ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും എൻജിനീയറിങ് കോളജ് പ്രൊഫസറുമായ രേഖാ ചൗധരിയെ 30,000ലധികം വോട്ടുകൾക്കാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഗെനി ബെൻ നാഗാജി ഠാക്കോർ പരാജയപ്പെടുത്തിയത്.